വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ ; നൈജീരിയക്കാരില്‍ നിന്നും കിലോകണക്കിന് വാങ്ങും ; കേരളത്തില്‍ ചില്ലറവില്‍പ്പന നടത്തും

കൊച്ചി: വാഴക്കുലയ്ക്ക് ഉള്ളില്‍ എംഎഡിഎംഎ കടത്തിയ കേസില്‍ പ്രതി ധനേഷ് ലഹരി ഇടപാട് തുടങ്ങിയിട്ട് മൂന്നുവര്‍ഷം. വിദേശികളില്‍ നിന്നും നിന്ന് കിലോ കണക്കിന് എംഡിഎംഎ ശേഖരിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ് ധനേഷിന്റെ രീതി.

ധനേഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്തുക്കളായ ഹരികൃഷ്ണന്‍, ഷിനു എന്നിവരെയും ചോദ്യം ചെയ്യും. നൈജീരിയക്കാരില്‍ നിന്നാണ് ഇയാള്‍ വന്‍തോതില്‍ എംഡിഎംഎ വാങ്ങിയിരുന്നത്. സ്വന്തമായും അല്ലാതെയും എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കാന്‍ ആളുകളെ ബെംഗളൂരുവിലേക്ക് ഇയാള്‍ വിളിച്ചു വരുത്തിയിരുന്നതായും മൊഴിയുണ്ട്.

പിടിയിലായ ഹരികൃഷ്ണന്‍ ധനേഷിന്റെ സ്ഥിരം കാര്യറാണ്. 2023 മുതലാണ് വാഴക്കുലയില്‍ ഒളിപ്പിച്ച് ധനേഷ് എസ് നായര്‍ എംഡിഎംഎ കടത്ത് തുടങ്ങിയത്. ധനേഷിന്റെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.

ധനേഷ് ലഹരി കൈമാറിയിരുന്ന ചിലരെ കുറിച്ച് വിവരം ലഭിച്ചു. കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ഹരികൃഷ്ണനെയും ധനേഷിനെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരുവും മൈസൂരും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.

കര്‍ണാടകയില്‍ ആറ് ഏക്കര്‍ വാഴത്തോട്ടമുണ്ട് ധനേഷിന്. 2023 ല്‍ യുവകര്‍ഷകനുള്ള സംസ്ഥാനസര്‍ക്കാരിനെ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ സമയത്തും ധനേഷ് മയക്കുമരുന്ന് കടത്തിയിരുന്നു എന്നാണ് സംശയം. ധനേഷിന്റെ പശ്ചാത്തലം പരിശോധിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. ധനേഷിനെ പിടികൂടിയതോടെ വിപണി ശൃംഖലയിലെ പലരും ഒളിവില്‍ പോയി. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *