പതിറ്റാണ്ട് പിന്നിട്ട വിവാദം; നിയമസഭ അക്രമക്കേസില്‍ വിചാരണ നവംബറില്‍

തിരുവനന്തപുരം: സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ 2015-ലെ നിയമസഭാ അതിക്രമക്കേസില്‍ വിചാരണാനടപടികള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ (സി.ജെ.എം) കോടതിയില്‍ നവംബര്‍ മൂന്നിന്‌ സാക്ഷിവിസ്‌താരം തുടങ്ങും.

സി.പി.എം. നേതാക്കളും മുന്‍മന്ത്രിമാരുമായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍ തുടങ്ങിയ പ്രമുഖരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. ഒന്നാംപ്രതിയും സി.പി.ഐ. നേതാവുമായിരുന്ന മുന്‍.എം.എല്‍.എ: കെ. അജിത്ത്‌ ഇപ്പോള്‍ ബി.ജെ.പിയിലാണ്‌. കേസില്‍നിന്ന്‌ ഒഴിവാകാന്‍ പ്രതികള്‍ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ വിചാരണ നേരിടേണ്ടിവരുകയായിരുന്നു.

നിയമസഭാ സെക്രട്ടറിയായിരുന്ന പി. ശാര്‍ങ്‌ഗധരന്‍, അക്രമദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. പകര്‍ത്തിയ സാങ്കേതികവിദഗ്‌ധന്‍ എന്നിവരെയാണ്‌ ആദ്യഘട്ടത്തില്‍ വിസ്‌തരിക്കുക. കേസില്‍ അഡ്വ. കെ. സന്തോഷ്‌കുമാറാണ്‌ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍.

യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌, 2015 മാര്‍ച്ച്‌ 13-ന്‌ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ പ്രതിഷേധം നിയമസഭാചരിത്രത്തിലെ ഏറ്റവും വലിയ അക്രമസംഭവങ്ങളിലൊന്നായി മാറുകയായിരുന്നു. സ്‌പീക്കറുടെ കസേരയും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുമടക്കം തല്ലിത്തകര്‍ത്ത്‌ ലക്ഷക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ്‌ കേസ്‌.

Leave a Reply

Your email address will not be published. Required fields are marked *