പന്തീരങ്കാവിൽ ചാക്കിലാക്കി വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : പന്തീരങ്കാവിൽ ചാക്ക് നിറയെ വോട്ടർ ഐ.ഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ ചുറ്റുമതിൽ തകർന്ന് വീണപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ ഐ.ഡി കാർഡുകൾ കണ്ടെത്തിയത്. 926 കാർഡുകളാണ് നനഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131ാം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ കാർ‌ഡുകളും കൂട്ടത്തിലുണ്ട്. മുൻ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന ആളിന്റെ വീടിന്റെ പിൻവശത്താണ് ഈ പറമ്പെന്നാണ് വിവരം.

സ്ഥലത്ത് പൊലീസും വില്ലേജ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 2015 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്ത കാർഡുകളാണെന്നും പുതിയ കാർഡ് നൽകിയപ്പോൾ തിരിച്ചെടുത്തതാവാം എന്നുമാണ് പന്തീരങ്കാവ് പൊലീസിന്റെയും വില്ലേജ് ഓഫീസ് അധികൃതരുടെയും നിഗമനം. കളക്ടറേറ്റിൽ തിരിച്ചെത്തിക്കേണ്ട പഴയ കാർഡുകൾ ഉപേക്ഷിച്ചതാവാനാണ് സാദ്ധ്യതയെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. കണ്ടെത്തിയ കാർഡുകൾ നടപടികൾ പൂർത്തിയാക്കി ഇലക്ഷൻ വിഭാഗത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *