കുടിവെള്ളത്തിൽ അർബുദ കാരണമാവുന്ന വസ്തുക്കൾ; ബിസ്‌ലേരിയുടെ കുടിവെള്ളം സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ

ന്യൂഡൽഹി: ലബോറട്ടറി പരിശോധനയിൽ വെള്ളത്തിന്റെ സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാക്കേജ്ഡ് കുടിവെള്ള നിർമ്മാതാക്കളായ ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ റെഗുലേറ്റർ പ്രോസിക്യൂഷൻ (എഫ്.എസ്.എസ്.എ.ഐ) നടപടികൾ ആരംഭിച്ചു. ബ്രോമേറ്റിന്റെ അളവിലുള്ള ലംഘനങ്ങളും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പി.എ.എച്ച്) സാന്നിധ്യവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മാപ്പുകൾ കാണുക

ബിസ്‌ലെരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധി പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയും, 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഇത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് കമ്പനി അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുകയും, കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ഒരു റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വെള്ളം സുരക്ഷിതമല്ലെന്ന് തന്നെ വിധിയെഴുതി.

ബ്രോമേറ്റും പി.എ.എച്ചുകളും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള പദാർത്ഥങ്ങളായാണ് (carcinogens) വർഗ്ഗീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം ആശാ കൺഫെക്ഷണറിയുടെ ചോക്ലേറ്റ്-ഫിൽഡ് കുക്കികൾ പിൻവലിക്കാൻ എഫ്.എസ്.എസ്.എ.ഐ ഉത്തരവ് നൽകിയിട്ടുണ്ട്. ലേബലിൽ പരാമർശിച്ചിട്ടില്ലാത്ത കാർമോസിൻ എന്ന നിറം നൽകുന്ന പദാർത്ഥം കുക്കികളിൽ അടങ്ങിയിരിക്കുന്നതായി ലബോറട്ടറി പരിശോധനയിൽ കണ്ടെത്തി. ടാർട്രാസൈൻ അനുവദനീയമായ പരമാവധി പരിധിയിലും കൂടുതലായി കണ്ടെത്തി. കൂടാതെ, ഈ പ്രത്യേക വിഭാഗത്തിലുള്ള ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത സൺസെറ്റ് യെല്ലോ എഫ്.സി.എഫ് എന്ന കളറിംഗ് ഏജന്റും സാമ്പിളിൽ അടങ്ങിയിട്ടുണ്ട്. പ്രശ്നമുള്ള മുഴുവൻ ബാച്ചും വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *