കൊച്ചി: കുഞ്ചാക്കോബോബന്‍ നായകനായി വന്‍ വിജയം നേടിയ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമയ്ക്ക് എതിരേ കേസ്. അനുമതി കൂടാതെ മൊബൈല്‍ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതിനെതിരേ ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നിര്‍മ്മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ട് അടക്കമുള്ളവരെ പ്രതിയാക്കിയിട്ടുണ്ട്.
എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെറ്റ, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയും പ്രതികളാകും. തീയേറ്ററില്‍ വിജയമായി മാറിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്റെ ഫോണിലേക്ക് നിരന്തരം വിളികള്‍ വരുന്നതായി പരാതിക്കാരന്റെ ആവലാതിയിലാണ് നിര്‍ദേശം.
വ്യക്തിയുടെ മൊബൈല്‍നമ്പര്‍ സിനിമയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചു. അത് സിനിമയില്‍ നിന്നും മാറ്റണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും അങ്ങിനെ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ പോയത്. ഇതോടെയാണ് നമ്പറിന്റെ യഥാര്‍ത്ഥ ഉടമ പരാതിയുമായി പോയത്. എന്നാല്‍ പോലീസ് കേസെടുക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് കോടതിയില്‍ പോകുകയും കോടതി കേസെടുക്കാന്‍ പറയുകയുമായിരുന്നു.
ഐടി നിയമത്തിന്റെ വകുപ്പുകള്‍ വെച്ചാണ് കേസെടുക്കുക. ഇലക്‌ട്രോണിക്‌സ് വഴിയുള്ള വഞ്ചനാകുറ്റവും ചുമത്തും. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതോടെ നിരന്തരം ഫോണ്‍വിളികള്‍ ശല്യമായി മാറിയെന്നും പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നു പോലും ഭീഷണി കോളുകള്‍ വരികയാണെന്നുമാണ് പരാതിക്കാരന്റെ വാദം. കേസെടുക്കാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിനോടാണ് നിര്‍ദേശം നല്‍കിയത്.