തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിന് ശേഷം ഡോക്ടർ പഞ്ഞിവച്ച് തുന്നിക്കെട്ടിയെന്നാണ് ആരോപണം. ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയയാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.
ഓഗസ്റ്റ് 19നായിരുന്നു ഫാത്തിമത്തുൽ ഷറഫിയയുടെ പ്രസവം. രക്തസ്രാവമുണ്ടായതോടെ തുന്നലിട്ടു. വീണ്ടും വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതോടെ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടപ്പോൾ പഴുപ്പിനുള്ള മരുന്ന് തന്ന് പറഞ്ഞയച്ചതായും യുവതി പറഞ്ഞു. കൃത്യമായി പരിശോധികകാൻ ഡോക്ടർ തയ്യാറായില്ലെന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ട് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞിയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പഞ്ഞി പുറത്തെടുത്തു. 43 ദിവസത്തോളം പഞ്ഞി ഉള്ളിൽ വച്ച് വേദന അനുഭവിച്ചതായും യുവതി പറഞ്ഞു.
ഇക്കാര്യം അറിയിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രിലെ ഡോക്ടർ അനുനയത്തിന് എത്തിയതായും യുവതി ആരോപിച്ചു. എന്നാൽ, യുവതിയും ബന്ധുക്കളും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നതോടെയാണ് പരാതി ഉയർത്തിയതെന്നുമാണ് ഡോക്ടറുടെ വാദം. തെറ്റ് ചെയ്യാത്തതിനാൽ പണം നൽകിയില്ല. അതിന്റെ വൈരാഗ്യത്തിലാണ് പരാതി നൽകിയതെന്നും ഡോക്ടർ പറഞ്ഞു. യുവതിയുടെ പരാതി അന്വേഷിക്കാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.