കോഴിക്കോട്: ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ മുസ്‌ലിം ലീഗ് തീരുമാനം. മന്ത്രിമാർ തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നത് ലീഗ് നേതൃത്വത്തെ അലോസരപെടുത്തുന്ന പശ്ചാത്തലത്തിലാണ് ജനപ്രതിനിധികൾക്ക് നിയന്ത്രണം കടുപ്പിക്കുന്നത്. ഇനി മുതൽ രണ്ടുമാസത്തിലൊരിക്കൽ സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്തും. ആദ്യ യോഗത്തിൽ ആരുടെയും പേര് പരാമർശിച്ച് വിമർശനം ഉന്നയിച്ചില്ലെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം കർശന നിർദേശം നൽകി.
തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തിലാവണം ജനപ്രതിനിധികളുടെ പ്രവര്‍ത്തനമെന്ന് നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ സ്റ്റാഫുകള്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. വിവാദങ്ങള്‍ ഒഴിവാക്കണം. ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ നാല് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനപ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിച്ചു.
പെരുമാറ്റച്ചട്ടം ലീഗില്‍ നേരത്തെയുണ്ടെന്നാണ് വിഷയത്തില്‍ മന്ത്രി കെ എം ഷാജി പ്രതികരിച്ചത്. പുതുതായി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശമുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണെന്നും കെ എം ഷാജി പറഞ്ഞു. വകുപ്പുകളിലെ മന്ത്രിമാരുടെ ഇടപെടല്‍, ഏത് തരത്തിലാണ് വിഷയങ്ങളില്‍ ഇടപെടേണ്ടതെന്നും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തെന്നും കെ എം ഷാജി പ്രതികരിച്ചു. മറ്റ് ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇനിയും ഇത്തരം യോഗങ്ങള്‍ ഉണ്ടാകുമെന്നും കെ എം ഷാജി വ്യക്തമാക്കി.