നാദാപുരം: വിവാഹചടങ്ങിനിടെ വരന്റെ കൂട്ടുകാര്‍ നടത്തിയ ആഘോഷം കൈവിട്ടുപോയപ്പോള്‍ വിവാഹപ്പന്തലില്‍ നടന്നത് കൂട്ടത്തല്ല്. വരന്റെ കൂട്ടുകാര്‍ പടക്കം പൊട്ടിക്കുകയും ബാന്റ്മേളം മുഴക്കുകയും ചെയ്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് അടിപിടിയില്‍ കലാശിച്ചത്.
വരനും കൂട്ടുകാരും വധുവിന്റെ വീട്ടിലേക്ക് ആഘോഷമായി എത്തിയതിന് പിന്നാലെയായിരുന്നു പ്രശ്നമുണ്ടായത്. വധുവിന്റെ വീടിന് സമീപത്ത് ഒരു മരണവീട് ഉണ്ടായിരുന്നതിനാല്‍ അച്ചടക്കം പാലിക്കണമെന്നും ആഘോഷത്തില്‍ മിതത്വം പാലിക്കണമെന്നും മഹല്ല് കമ്മറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് വരന്റെ കൂട്ടുകാര്‍ പടക്കം പൊട്ടിക്കുകയും ബാന്റ്മേളവുമായി മുമ്പോട്ട് പോകുകയുമായിരുന്നു.
ഇത് ആദ്യം നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് അടിപിടിയിലേക്ക് നീളുകയായിരുന്നു. സംഭവത്തില്‍ ഒടുവില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. എങ്കിലും അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.
അതേസമയം വിവാഹവേദിയില്‍ അടിനടക്കുന്നത് ഒരു പതിവായി മാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സമാനസംഭവം കണ്ണൂരിലെ ആലച്ചേരിയില്‍ നടന്നിരുന്നു.