അടുത്ത മാസം പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജയ്പുരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.എന്‍.ഐ.ടി.) വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ജൂലായ് 15-ഓടെ പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്.
പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റില്‍ ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അത്യാധുനികവും വേഗമേറിയതുമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നു
40 വര്‍ഷത്തോളം പഴക്കമുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം (പി.ആര്‍.എസ്.) പരിഷ്‌കരിക്കുമെന്നും ഓഗസ്റ്റ് മുതല്‍ അത്യാധുനികമായ പ്ലാറ്റ്ഫോം ഉപയോഗിച്ച് നവീകരിക്കുമെന്നും കഴിഞ്ഞ മേയില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
2002-ലാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിങ് സേവനങ്ങള്‍ ആരംഭിച്ചത്. നിലവില്‍, രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ട്രെയിന്‍ ടിക്കറ്റുകളില്‍ ഏകദേശം 88 ശതമാനവും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വില്‍ക്കപ്പെടുന്നത്.
പുതിയ പി.ആര്‍.എസ്. സംവിധാനം ടിക്കറ്റ് ബുക്കിങ് ശേഷി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പി.ആര്‍.എസ്. സംവിധാനത്തിലൂടെ മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ് സാധ്യമാകുമെന്ന് കഴിഞ്ഞവര്‍ഷം റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ പി.ആര്‍.എസില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാനാവുക. ഇതില്‍ നിന്ന് ഏകദേശം അഞ്ചിരട്ടി വര്‍ധനയാണിത്.
ഇതുകൂടാതെ ടിക്കറ്റുകള്‍ തിരയുന്നതിലും വേഗം കൂടും. ഒരു മിനിറ്റില്‍ നാല് ലക്ഷത്തില്‍നിന്ന് 40 ലക്ഷത്തിലധികം അന്വേഷണങ്ങള്‍ സാധ്യമാകുമെന്നാണ് മന്ത്രാലയം പറയുന്നത്. പുതിയ പി.ആര്‍.എസില്‍ ബഹുഭാഷാ സൗകര്യമുള്ള, ഉപയോഗിക്കാന്‍ എളുപ്പമുള്ള ബുക്കിങ്, അന്വേഷണ ഇന്റര്‍ഫേസ് ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. ഇത് കൂടാതെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റേറ്റ് കലണ്ടര്‍ കാണാനുമുള്ള സൗകര്യമുണ്ടാവും. അംഗപരിമിതര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാവും.