വിമാന റാഞ്ചൽ ശ്രമം? ഫ്രാങ്‌ഫർട്ട് – ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പൈലറ്റിന്റെ രഹസ്യ സന്ദേശം

ജയ്‌പൂർ: ജർമനിയിലെ ഫ്രാങ്‌ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. നിലവിൽ ജയ്‌പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്. വിമാന റാഞ്ചൽ മുന്നറിയിപ്പ് കൂടി ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

ഏകദേശം 250 യാത്രക്കാരാണ് എയർ ഇന്ത്യയുടെ എഐ2030 വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് കുറച്ച് സെക്കൻഡുകളോളം സ്‌ക്വാക്ക് 7500 എന്ന കോഡ് ഉപയോഗിച്ചു എന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിനാണ് ഈ സന്ദേശം ലഭിച്ചത്. വിമാനം റാഞ്ചുന്നതോ പിടിച്ചെടുക്കുന്നതോ ആയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ രഹസ്യമായി വിവരം അറിയിക്കാൻ ഉപയോഗിക്കുന്ന അടിയന്തര അലർട്ടാണ് സ്‌ക്വാക്ക് 7500 എന്നത്. സന്ദേശം ലഭിച്ചതോടെ ദേശീയ സുരക്ഷാ ഏജൻസികളെയടക്കം അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോൾ വിവരമറിയിച്ചു. തുടർന്നാണ് വിമാനം ജയ്‌പൂരിൽ ഇറക്കിയത്.

ഇതേ വിമാനത്തിൽ ഒരു യാത്രക്കാരൻ ബോംബ് വച്ചിട്ടുണ്ടെന്നും ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന സമയത്ത് ഇത് പൊട്ടിത്തെറിക്കുമെന്നുമാണ് രണ്ടാമത് പുറത്തുവരുന്ന റിപ്പോർട്ട്. വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. എന്നാൽ, ഈ രണ്ട് റിപ്പോർട്ടുകളും എയർ ഇന്ത്യയോ സുരക്ഷാ ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനുള്ള അവസരമോ, ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കാനുള്ള സൗകര്യമോ ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *