തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മീഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു.
ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുക, ആവശ്യമായ ചട്ടഭേദഗതികൾ സംബന്ധിച്ച് ശുപാർശകൾ നൽകുക, വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുക എന്നിവയാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ചുമതലകൾ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു കമ്മീഷന്റെ മുൻ അധ്യക്ഷൻ. അനാരോഗ്യത്തെ തുടർന്ന് 2021ൽ അദ്ദേഹം പദവി ഒഴിഞ്ഞതിന് ശേഷം രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഈ അധ്യക്ഷ പദവി ഉണ്ടായിരുന്നില്ല.
അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന സമയത്ത് തന്നെ എം.കെ. മുനീറിന് ഒരു പ്രധാന പദവി നൽകുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതായാണ് നൽകിയിരിക്കുന്ന വിവരം. ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനം വൈകുന്നതിനിടെയാണ് ഇപ്പോൾ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കുള്ള പദവി നൽകാനുള്ള തീരുമാനം. മുസ്ലിം ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.