ശബരിമല മിൽമ നെയ്യ് ക്രമക്കേട്: മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ്07:41 PM

കൊച്ചി: ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് ഇടങ്ങളിൽ എസ്ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന. ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലടക്കമാണ് പരിശോധന നടന്നത്. വാഹന കരാറുകാരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു.

ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുന്നത്. മിൽമയിൽനിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് വൻ നഷ്ടമുണ്ടായെന്നാണ് കേസ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ പ്രതിചേർത്ത് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

20,000 യൂണിറ്റ് അരവണ നിർമിക്കുന്നതിനായി മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരു വിഭാഗം വഴിമധ്യേ വിൽക്കുകയും ശബരിമലയിൽ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്തെന്നാണ് കേസ്.

കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ശബരിമല സ്പെഷ്യൽ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *