ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിനെ ഒമാനി സഹ പൈലറ്റ് ആക്രമിച്ചത് കോടാലി ഉപയോഗിച്ച്!

ടെൽ അവീവ്: ഫ്ലൈദുബായ് എഫ്.സെഡ്1073 വിമാനത്തിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പുതിയൊരു വിവരം പുറത്തുവന്നിരിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിന് നേരെ ഫ്ലൈറ്റ് ആക്സ് ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. വിമാനങ്ങളിൽ അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം സൂക്ഷിക്കുന്ന ഒരു ചെറിയ കോടാലിയാണ് ക്രാഷ് ആക്സ്. സാധാരണയായി ഇത് കോക്പിറ്റിനുള്ളിലോ അതിന് സമീപത്തോ ആണ് സുരക്ഷിതമായി വെച്ചിരിക്കുന്നത്.

ക്രാഷ് ആക്സ് വിമാനത്തിന്റെ അടിയന്തര ഉപകരണങ്ങളുടെ ഭാഗമാണ്, അല്ലാതെ ഇതൊരു ആയുധമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. വിമാനത്തിനുള്ളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ക്രൂ അംഗങ്ങളെ സഹായിക്കുന്നതിനാണ് ക്രാഷ് ആക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, വിമാനത്തിന്റെ പാനലുകൾക്ക് പിന്നിലോ ഭിത്തിയിലോ മറ്റ് ഭാഗങ്ങളിലോ തീപിടുത്തം ഉണ്ടായാൽ, ബാധിത പ്രദേശത്തേക്ക് പ്രവേശനം നേടാൻ ഈ ഉപകരണം സഹായിക്കും.

വിമാനാപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ, കുടുങ്ങിക്കിടക്കുന്ന വാതിലുകളോ പാനലുകളോ തകർത്ത് യാത്രക്കാർക്കും ജീവനക്കാർക്കും പുറത്തുപോകാനോ രക്ഷാപ്രവർത്തനം നടത്താനോ വഴി തുറക്കാൻ ഇത് ഉപയോഗിക്കുന്നു. സുരക്ഷാപരമായോ പ്രതിരോധപരമോ ആയ ആയുധമായിട്ടല്ല, മറിച്ച് അടിയന്തര സാഹചര്യങ്ങൾക്കായിട്ടാണ് ഈ ഉപകരണം വിമാനത്തിൽ കൊണ്ടുപോകുന്നത്. ഇത് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ക്യാപ്റ്റന്റെ തലയും കൈയും വെട്ടി പിളർന്ന നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചറിന് കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചുവെന്ന് നെതന്യാഹുവിന്റെ വെളിപ്പെടുത്തലിൽ വ്യക്തമാകുന്നു. കോക്‌പിറ്റ് തുറന്നതോടെയാണ് യാത്രക്കാരും ക്രൂ അംഗങ്ങളും കോക്പിറ്റിൽ പ്രവേശിക്കുകയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *