‘ ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാര്‍ട്ടിയെ ഉലയാതെ കാത്ത കപ്പിത്താന്‍’ ; കോടിയേരിയെ അനുസ്മരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പിണറായി വിജയന്‍.

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വര്‍ഷം തികയുകയാണ്. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിന്റെ സ്മരണകള്‍ നമുക്ക് മുന്നില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാന്‍ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആക്രമണങ്ങളെ കാരിരുമ്പിന്റെ കാര്‍ക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.

വിദ്യാര്‍ത്ഥി സംഘടനാ രംഗത്തു നിന്നും വളര്‍ന്നു വന്ന്, അടിയന്തരാവസ്ഥയുടെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി, ജനകീയ സമരങ്ങളുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേത്. തലശ്ശേരി കലാപകാലത്ത് മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് സഖാവ് മുന്‍പന്തിയിലുണ്ടായിരുന്നു.

മികച്ച ഭരണാധികാരി, ശ്രദ്ധേയനായ പാര്‍ലമെന്റേറിയന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം കോടിയേരി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാര്‍ടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി. നിയമസഭയില്‍ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, ഭരണ-പ്രതിപക്ഷ ബഞ്ചുകളിലായി മികച്ച പാര്‍ലമെന്റേറിയനെന്ന നിലയില്‍ വലിയ അംഗീകാരം നേടി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പോലീസ് സേനയില്‍ നടപ്പിലാക്കിയ സമഗ്രമായ പരിഷ്‌കാരങ്ങളും, ടൂറിസം മേഖലയ്ക്ക് നല്‍കിയ പുതിയ ഉണര്‍വും മികച്ച ഭരണാധികാരി എന്ന വിശേഷണം കോടിയേരിക്ക് നേടിക്കൊടുത്തു.

വ്യക്തിപരമായി വലിയൊരു നഷ്ടമാണ് സഖാവിന്റെ വിയോഗം സൃഷ്ടിച്ചത്. നാള്‍വഴികളില്‍ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നു. ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകള്‍ക്ക് അതീതമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച കോടിയേരിയുടെ സ്മരണകള്‍ സമത്വപൂര്‍ണമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് എക്കാലവും ഊര്‍ജം പകരും. സഖാവിന്റെ ഓര്‍മ്മകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാം- എന്നാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *