‘എൻ ഇനിയ പൊൻ നിലാവേ’; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായ ‘എൻ ഇനിയ പൊൻ നിലാവേ’യുടെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

മ്യൂസിക് കമ്പനിയായ സരിഗമയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.

ഇതോടെ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരത്തിനും ഒറിജിനൽ ശബ്ദരേഖയ്ക്കുമേലുള്ള സരിഗമയുടെ നിയമപരമായ അവകാശവാദം സുപ്രീം കോടതിയിലും നിലനിന്നു.

മറ്റൊരു നിർമാണ കമ്പനി തങ്ങളുടെ പുതിയ ചിത്രത്തിൽ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഉപയോഗിക്കാൻ തീരുമാനിക്കുകയും ഇതിനായി ഇളയരാജയിൽ നിന്ന് അനുമതി നേടിയതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്.

എന്നാൽ 1980ൽ പുറത്തിറങ്ങിയ ‘മൂടുപനി’ എന്ന ചിത്രത്തിന്റെ യഥാർഥ നിർമാതാക്കളിൽ നിന്ന് ഗാനത്തിന്റെ അവകാശങ്ങൾ തങ്ങൾ നേരത്തെ നിയമപരമായി സ്വന്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സരിഗമ രംഗത്തെത്തി. ഗാനം മറ്റൊരാൾക്ക് പുനരാവിഷ്കരിക്കാൻ അനുമതി നൽകാനുള്ള അധികാരം ഇളയരാജയ്ക്കില്ലെന്നും കമ്പനി വാദിച്ചു.

തർക്കം പരിഗണിച്ച ഡൽഹി ഹൈക്കോടതി, ഗാനത്തിന്റെ ഈണത്തിലും സംഗീത ഘടകങ്ങളിലും മാത്രമാണ് ഇളയരാജയ്ക്ക് പകർപ്പവകാശമുള്ളതെന്നും ഗാനത്തിന്റെ വരികളിലും ഔദ്യോഗിക ശബ്ദരേഖയിലും അദ്ദേഹത്തിന് അവകാശമില്ലെന്നും വ്യക്തമാക്കി.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മെയ് 21ന് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ഇതിനെതിരെ ഇളയരാജ നൽകിയ പുനഃപരിശോധനാ ഹർജി മെയ് 26ന് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ നിയമപരമായ കണ്ടെത്തലുകളിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *