ലിയോണല്‍ മെസ്സി സന്ദര്‍ശന വിവാദം: മുന്‍ മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന വ്യാജേന നടന്ന സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തേക്കുമെന്ന് സൂചന. മന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായും, ഒരു പ്രത്യേക സ്പോൺസർക്ക് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കാൻ കൂട്ടുനിന്നോ എന്നാണ് അന്വേഷിക്കുന്നത്.

മന്ത്രിയുടെ ഓഫീസിൽ നിന്നും അവിഹിതമായ ഇടപെടലുകൾ ഉണ്ടായെന്നും എസ്.ഐ.ടി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. രേഖകളും മൊഴികളും പൂർണ്ണമായി പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് കൈമാറി കഴിഞ്ഞു. വി. അബ്ദുറഹിമാന്റെ മൊഴിയും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ ഔദ്യോഗിക കത്തിടപാടുകൾ, യാതൊരുവിധ ടെൻഡറുകളും ക്ഷണിക്കാതെ 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ' സ്പോൺസറായി തിരഞ്ഞെടുത്ത സാഹചര്യം, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ചർച്ചകളുടെ ഭാഗമായുള്ള വിദേശയാത്രകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും മലപ്പുറത്തെത്തിയ പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി നോട്ടീസ് നൽകിയ ശേഷമാണ് മുൻ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഈ ക്രമക്കേടുകളിൽ മറ്റാർക്കൊക്കെ പങ്കുണ്ട്, കോടികളുടെ സാമ്പത്തിക ഇടപാടുകളിൽ ഏതൊക്കെ വ്യക്തികൾക്ക് സ്വാധീനമുണ്ട് തുടങ്ങിയ നിർണ്ണായക വിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *