തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ചുമതലയുള്ള മന്ത്രി ഒ.ജെ. ജനീഷിന് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നും, ഗൂഢാലോചന നടത്തിയ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഗവര്‍ണര്‍ക്ക് ഔദ്യോഗികമായി പരാതി നല്കി.
സെപ്റ്റംബര്‍ 26-നാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടിയത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തരമന്ത്രിയുടെ വാഹനം തടസ്സപ്പെട്ടില്ലെന്നുമാണ് പോലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പ്രതിഷേധ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ മന്ത്രി ഒ.ജെ. ജനീഷ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചത് സംഘടിത പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതായും ബിജെപി ആരോപിക്കുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും, ഗൂഢാലോചനയ്ക്കും കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിനുമുള്ള വ്യക്തമായ തെളിവായി ബി.ജെ.പി ഇത് ചൂണ്ടിക്കാണിക്കുന്നു. ഒരു ക്രിമിനല്‍ കേസപ്പുറം വലിയൊരു ഭരണഘടനാ തത്വ ലംഘനമാണ് വിഷയം ഉയര്‍ത്തുന്നതെന്ന് ബിജെപി പറയുന്നു. ഭരണഘടനയും നിയമവും സംരക്ഷിക്കാന്‍ ബാധ്യസ്ഥനായയാള് തന്നെ അതിക്രമത്തിന് ഒത്താശ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണ്.
വിവരം പോലീസിനെ അറിയിച്ചില്ലെന്നും പദവി ദുരുപയോഗം ചെയ്തെന്നുമാണ് ആരോപണം. വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിളിച്ചുവരുത്താനും മുഖ്യമന്ത്രി വി.ഡി. സതീശനോട് വിശദീകരണം തേടാനും ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ സജീവമായി ചര്‍ച്ചയാക്കുന്ന പ്രതിപക്ഷ നീക്കങ്ങള്‍ സതീശന് സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന.