കാസർകോട്: കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മരിച്ചു. അതിഞ്ഞാൽ കെ.കെ. പുരയിലെ മറിയം (75) ആണ് മരിച്ചത്. അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
അറ്റകുറ്റപ്പണിയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി മുടങ്ങിയതോടെ മറിയത്തിന് ഓക്സിജൻ നൽകുന്ന ഉപകരണം ഇൻവെർട്ടർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ആറര മണിക്കൂറോളം പ്രവർത്തിച്ചതോടെ ഇൻവെർട്ടറിന്റെ ചാർജ് തീരുകയും ഓക്സിജൻ വിതരണം നിലയ്ക്കുകയുമായിരുന്നു.
രാത്രി 8.30ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇതിനിടെ പ്രദേശത്തെ പൊതുപ്രവർത്തകരും നാട്ടുകാരും പലതവണ വൈദ്യുതി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നായിരുന്നു ലഭിച്ച മറുപടിയെന്ന് നാട്ടുകാർ പറഞ്ഞു.
വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതാണ് ഓക്സിജൻ ഉപകരണം നിലയ്ക്കാൻ കാരണമായതെന്നും സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും നാട്ടുകാർ ആരോപിച്ചു.