ഇതിഹാസ സംവിധായകന്‍ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത ഫിലിംമേക്കർ സിം​ഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നാ​ഗ് അശ്വിൻ നിർമിച്ച് 'സിങ് ​ഗീതം' എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്.

തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’ എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം, ഫാന്റസി-ഫോക്‌ലോര്‍ വിഭാഗത്തിൽ പെട്ട ‘ഭൈരവ ദ്വീപം’, സംഭാഷണങ്ങളില്ലാത്ത ചിത്രമായ ‘പുഷ്പക വിമാനം’ തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ക്ലാസിക് സിനിമകൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

1931 സെപ്റ്റംബർ 21-ന് ആന്ധ്രാ പ്രദേശിലെ ഗുഡൂരിൽ ജനിച്ച സിംഗീതം, പ്രശസ്ത ചലച്ചിത്രകാരൻ എൽവി പ്രസാദിന്റെ സഹായിയായാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരം, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയ്ക്ക് പുറമെ കന്നഡ, ഹിന്ദി ചലച്ചിത്രരംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന സിംഗീതം, വ്യത്യസ്തമായ പ്രമേയങ്ങളും ആഖ്യാനശൈലികളും ഒരേപോലെ കൈകാര്യം ചെയ്യുന്നതിൽ മികവ് തെളിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *