ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ചു, പ്രതികൾക്കായി അന്വേഷണം

ചണ്ഡിഗഢ് : പഞ്ചാബിലെ പ്രശസ്ത എൽ.ജി.ബി.ടി.ക്യു വ്യക്തിത്വവും ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു അമൃത്‌സറിൽ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ സന്ധുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ റോഡിൽ കണ്ടെത്തിയ സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ഗോൾഡി ധില്ലൻ' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സന്ധു പഞ്ചാബിനെ ചീത്തയാക്കിയെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. ഈ പോസ്റ്റും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

മധുസൂദൻ എന്ന മാഡ് സന്ധു ഫാഷൻ മേഖലയിൽ സ്റ്റൈലിസ്റ്റായും പഞ്ചാബ്,​ ബോളിവു‌ഡ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായും ആയാണ് കരിയ‍ർ ആരംഭിച്ചത്. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും പിന്നീട് ജനപ്രീതി നേടി. മേക്കപ്പ്,​ ലൈഫ് സ്റ്റൈൽ,​ സിനിമ,​ പോപ്പ് കൾച്ചർ എന്നിവയ്ക്കൊപ്പം എൽ.ജി.ബി.ടി.ക്യു അവകാശങ്ങളെ കുറിച്ചും സാമൂഹിക വിഷയങ്ങളെ കുറിച്ചും തുറന്നു പറയുന്നതിലൂടെയും ശ്രദ്ധേയനായിരുന്നു. ചില പഞ്ചാബി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സ്വവർഗാനുരാഗിയാണ് എന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു. ഒരു വർഷം മുമ്പ് ബത്തിൻഡയിൽ കമൽ കൗർ ഭാബി എന്ന മറ്റൊരു ഇൻഫ്ലുവൻസറും വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.

അമൃത്സർ വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *