കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് ഇളവുകൾ; ഭൂമി 10 ഏക്കറിൽ നിന്ന് 5 ഏക്കറാക്കാൻ പുതിയ ബിൽ

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ ബില്ലിന്റെ കരട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നേരത്തെ നിയമസഭ പാസാക്കിയ ബില്ലിലെ കർശന വ്യവസ്ഥകളിൽ കാര്യമായ ഇളവുകൾ വരുത്തിയാണ് പുതിയ കരട് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.

പുതിയ കരട് പ്രകാരം സർവകലാശാലയ്ക്ക് ആവശ്യമായ ഭൂമിയുടെ പരിധി 10 ഏക്കറിൽ നിന്ന് 5 ഏക്കറായി കുറയ്ക്കും. 25 കോടി രൂപയുടെ സ്ഥിരനിക്ഷേപം വേണമെന്ന വ്യവസ്ഥയും 10 കോടി രൂപയായി കുറയ്ക്കാനാണ് നിർദേശം. നഗരമേഖലകളിൽ വലിയ അളവിൽ ഭൂമി കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും ഉയർന്ന നിക്ഷേപം വിദ്യാർഥികളുടെ ഫീസിനെ ബാധിക്കുമെന്ന വിലയിരുത്തലുമാണ് ഇളവുകൾക്ക് പിന്നിൽ. ആദ്യ പത്ത് വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനും കരടിൽ നിർദേശമുണ്ട്.

മാറ്റങ്ങൾ ആവശ്യമില്ലെങ്കിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ ബിൽ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഈ മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. 2025 മാർച്ചിൽ എൽഡിഎഫ് സർക്കാർ നിയമസഭയിൽ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കെയാണ് കഴിഞ്ഞ മാസം യുഡിഎഫ് സർക്കാർ പിൻവലിച്ചത്. ഇതിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.

സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക കമ്പനികൾ, മറ്റ് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയെ ഉൾപ്പെടുത്തി ‘കേരള നോളജ് വാലി’ രൂപീകരിക്കുന്നതിനെക്കുറിച്ചും കരടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ കേരള നോളജ് വാലി ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരിക്കും വിവിധ പദ്ധതികളുടെ മേൽനോട്ട ചുമതല. ഡീപ് ടെക്‌നോളജി, ലൈഫ് സയൻസ്, എയ്‌റോസ്‌പേസ്, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകൾക്കായിരിക്കും പ്രധാന പരിഗണന.

തദ്ദേശസ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണം, വൈദ്യുതി, അഗ്നിശമന സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുമതികൾക്കായി ഏകജാലക ക്ലിയറൻസ് ബോർഡും നിർദേശിച്ചിട്ടുണ്ട്. 60 ദിവസത്തിനകം അനുമതി നൽകുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റത്തിന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന വ്യവസ്ഥയും കരടിലുണ്ട്. വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗോള ഇന്നൊവേഷൻ പങ്കാളികൾക്കും അക്കാദമിക പരിപാടികൾ, പാഠ്യപദ്ധതി വികസനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനും അനുമതി നൽകും.

സ്വകാര്യ സർവകലാശാലകൾക്ക് സ്വയംഭരണാധികാരം ഉണ്ടായിരിക്കുമെന്നും സർക്കാർ മെയിന്റനൻസ് ഗ്രാന്റിനോ മറ്റ് ധനസഹായങ്ങൾക്കോ അവകാശമുണ്ടാകില്ലെന്നും കരടിൽ വ്യക്തമാക്കുന്നു. വിദ്യാർഥികളുടെ പരാതി പരിഹാര സംവിധാനം, ഫീസ് സുരക്ഷാ മാനദണ്ഡങ്ങൾ, സ്ഥിര നിക്ഷേപ ഫണ്ട് എന്നിവയ്ക്കും വ്യവസ്ഥകളുണ്ട്. ഉപരിപഠനത്തിനായി വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്ന സാഹചര്യം കുറയ്ക്കുന്നതിനുള്ള വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പുതിയ നിയമനിർമാണത്തെ സർക്കാർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *