ന്യൂഡല്‍ഹി: ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു എന്ന ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന് മറുപടി ആവശ്യ പ്പെട്ട് സുപ്രീംകോടതിയുടെ നോട്ടീസ്. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ സമവായമില്ലാതെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്തു എന്ന ഹര്‍ജിയിലാണ് നോട്ടീസ്.
ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഫോം 6-ല്‍ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. നിയമത്തോട് കമ്മീഷന്‍ സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍, ഭരണഘടന പ്രകാരം മുഴുവന്‍ അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് പാനലിന് മാത്രമായി നിശ്ചയിച്ചിട്ടുള്ള അധികാരങ്ങള്‍ ഒറ്റയ്ക്ക് വിനിയോഗിക്കുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വോട്ടുപട്ടികയുടെ പ്രത്യേക സമഗ്ര തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നിയമപരമായി നല്‍കിയിട്ടുള്ള അധികാരങ്ങള്‍, നിയമം അനുശാസിക്കുന്ന കൂട്ടായ തീരുമാനമെടുക്കല്‍ സംവിധാനം പാലിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിനിയോഗിക്കുന്നത് എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
വോട്ടുപട്ടിക, വോട്ടര്‍ രജിസ്‌ട്രേഷന്‍, കമ്മീഷന്റെ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി എതിര്‍പ്പുകള്‍ ഉന്നയിച്ചതായി 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഈ വിവാദം ഉണ്ടായത്.
അതേസമയം, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എതിര്‍പ്പുകള്‍ അന്തിമ തീരുമാനങ്ങള്‍ക്കെതിരെയുള്ള സംഘടിത വിയോജിപ്പാണെന്ന വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കരട് ഘട്ടത്തില്‍ ഉന്നയിക്കപ്പെട്ട പ്രവര്‍ത്തനപരമായ സംശയങ്ങളും നിര്‍ദ്ദേശങ്ങളും തങ്ങളുടെ സാധാരണ ഭരണപരവും തീരുമാനമെടുക്കുന്നതുമായ പ്രക്രിയയുടെ ഭാഗമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എസ്.ഐ.ആര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും കമ്മീഷന്‍ ആവര്‍ത്തിച്ചു.
ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് സമരപരമ്പര നടക്കുകയാണ്. ജന്ദര്‍മന്ദറില്‍ മാര്‍ച്ചുമായി എന്‍.എസ്.യു. വും സിജെപിയും രംഗത്ത് വന്നിട്ടുണ്ട്. ഗ്യാനേഷ്‌കുമാറിന്റെ രാജിവരെ സമരം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വസതിയിലേക്ക് ഇന്‍ഡ്യാസഖ്യം മാര്‍ച്ച് നടത്തുന്നുണ്ട്.