500 രൂപ നോട്ടിലെ ഗാന്ധിചിത്രം മോശമായി പ്രദർശിപ്പിച്ച്‌ റീൽ ചിത്രീകരണം; യുവതി അറസ്റ്റിൽ

സൂറത്ത്: 500 രൂപ നോട്ടിലെ മഹാത്മഗാന്ധിയുടെ ചിത്രം മോശമായി പ്രദർശിപ്പിച്ച് റീൽ ചിത്രീകരിച്ച കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ. സൂറത്ത് സ്വദേശിനിയായ സിമ്രാനാണ് (47) ആണ് അറസ്റ്റിലായത്. നോട്ടിലെ മഹാത്മാഗാന്ധിയുടെ ചിത്രത്തോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിനാണ് യുവതി അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള സിമ്രാൻ ഒക്‌ടോബർ ഒന്നിനാണ് വിവാദറീൽ പങ്കുവച്ചത്. ഗാന്ധിജിക്ക് ജന്മദിനാശംസകളെന്ന് പറയുന്നതിന് പിന്നാലെ നോട്ട് മടക്കി വസ്‌ത്രത്തിനുള്ളിലേയ്‌ക്ക് വയ‌്ക്കുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇതുചൂണ്ടിക്കാട്ടി സാമൂഹിക പ്രവ‌ർത്തകനായ ധർമേഷ് ഗാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിമ്രാൻ അറസ്റ്റിലായത്. ഇലക്‌ട്രിക് രൂപത്തിൽ അശ്ലില ഉള്ളടക്കം പ്രസിദ്ധീകരിച്ചെന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.

യുവതിയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സൂറത്ത് പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിവാദറീലിൽ യുവതി ക്ഷമ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സാമൂഹിക സംഘർഷത്തിന് ഇടയാക്കുന്ന ഉള്ളടക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *