സന്ദീപ് വാര്യരും യുഡി‌എഫ് നേതാക്കളും കൊലക്കേസിലെ പിടികിട്ടാപ്പുള്ളിക്കൊപ്പം; ചിത്രങ്ങൾ പുറത്ത്

കാസർകോട്: സന്ദീപ് വാര്യർ അടക്കമുള്ള യുഡി‌എഫ് നേതാക്കൾ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഗൾഫിൽ ഒരു ജൂവലറിയുടെ ഉദ്ഘാടന വേളയിലെ ചിത്രങ്ങളാണ് പുതിയ വിവാദത്തിനു കാരണമായത്. സന്ദീപ് വാര്യർ എംഎൽഎ, എകെഎം അഷ്‌റഫ് എംഎൽഎ, എൻ എ നെല്ലിക്കുന്ന് എന്നിവർ കാസർകോട്ടെ അബൂബക്കർ സിദ്ദിഖ് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, തനിക്ക് റയീസിനെ അറിയില്ല എന്നും ഗൾഫിൽ ഒമ്പത് പരിപാടികളിൽ പങ്കെടുത്തു എന്നും അവിടെ ആയിരത്തിലധികം ആളുകൾ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടാവും എന്നും സന്ദീപ് വാര്യർ പറഞ്ഞു. കെഎംസിസിയുടെ പരിപാടിക്ക് വേണ്ടിയാണ് വിദേശത്തേക്ക് പോയിരുന്നത്. അതിനു ശേഷം മഞ്ചേശ്വരം എംഎൽഎ ജ്വല്ലറി ഉദ്ഘാടനത്തിനായി കൊണ്ടുപോയി. പരിപാടികളിൽ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നവരെ അറിയണെമെന്നില്ല എന്ന് പറഞ്ഞ സന്ദീപ് വാര്യർ, പിണറായി വിജയനൊപ്പം ആരൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട് അതിന്റെയൊക്കെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ടോ എന്നും ചോദിച്ചു.

നാല് വർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് തേടുന്ന കൊലക്കേസ് പ്രതിയാണ് അഹമ്മദ് റയീസ്. സഹോദരനെ ബന്ദിയാക്കിയ ശേഷം ഗൾഫിൽ ഉണ്ടായിരുന്ന അബൂബക്കർ സിദ്ദിഖിനെ നാട്ടിൽ വിളിച്ചുവരുത്തി കൊല ചെയ്ത കേസിലെ പ്രതിയാണ്. 2022 ജൂൺ 26നായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *