തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കൺവീനർ എസ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് 19 ദിവസമായി വളർമതി നിരാഹാരത്തിലാണ്. പാലക്കാട് എലപ്പുള്ളി സ്വദേശിയാണ്. വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സമരം തുടരുമെന്ന് റാങ്ക് ഹോൾഡേ്സ് അറിയിച്ചു.
സെക്രട്ടറിയേറ്റ് പടിക്കൽ നൂറിലേറെ ദിവസങ്ങളായി സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ കഴിഞ്ഞദിവസം പൊലീസ് പൊളിച്ചുനീക്കിയിരുന്നു. നടപ്പാത കൈയേറി സമരപന്തലും ഫ്ളെക്സും സ്ഥാപിച്ചത് മാറ്റണമെന്ന് കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു നടപടി.
എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ വളർമതിയുടെ നേതൃത്വത്തിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമരം നടത്തുന്നത്. റാങ്ക് പട്ടികയിൽ വേഗത്തിൽ നിയമനം നടത്തണമെന്നതുൾപ്പെടെയാണ് സമരക്കാരുടെ ആവശ്യങ്ങൾ. 2025 മേയ് 31നാണ് റാങ്ക് പട്ടിക നിലവിൽ വന്നത്. 2028 മേയിൽ കാലാവധി പൂർത്തിയാകും. ഇനി ഒരു അദ്ധ്യയനവർഷം മാത്രമാണ് ബാക്കിയുള്ളത്. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്കുപോലും നിയമനം ലഭിച്ചിട്ടില്ലെന്ന് എൽപിഎസ്ടി സമരസമിതി ആരോപിക്കുന്നു. അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം 1: 25 ആക്കണമെന്ന ഫോർമുലയും സമരസമിതി സർക്കാരിന് സമർപ്പിച്ചിരുന്നു.