അമിതാഭ് ബച്ചന്റെ ആഡംബര വസതിയായ ‘ജൽസ’യ്ക്ക് മേൽ തർക്കം; അവകാശവാദവുമായി സഹോദരഭാര്യ

മുംബയ്: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബയ് ജുഹുവിലെ വസതിയായ 'ജൽസ' ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കുടുംബത്തിൽ സ്വത്തുതർക്കം. വസ്തുവിന്റെ ഉടമസ്ഥാവകാശം ജയ ബച്ചന് കൈമാറിയ 1993ലെ ഇഷ്ടദാനം ചോദ്യം ചെയ്ത് അമിതാഭ് ബച്ചന്റെ സഹോദരഭാര്യ രമോല ബച്ചനാണ് കോടതിയെ സമീപിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇടപാട് നടന്നതെന്ന് അവർ ആരോപിച്ചു.

സംഭവത്തിൽ കഴിഞ്ഞ ഏഴ് മാസമായി അന്ധേരി കോപ്പറേറ്രീവ് സൊസൈറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ഓഫീസിൽ രമോല പരാതി നൽകിയിരുന്നു. പരാതിയിൽ വാദം കേൾക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യയാണ് രമോല. ജയ ബച്ചന് വസ്തു കൈമാറുന്നതിന് മുൻപ് ജൽസ തന്റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നതെന്നാണ് രമോലയുടെ അവകാശവാദം.

കാപോൾ ഹൗസിംഗ് സൊസൈറ്റിയുടെ രേഖകളിൽ ജയ ബച്ചനാണ് ബംഗ്ലാവിന്റെ ഉടമ. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും രമോലയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ രേഖകളിൽ നിന്ന് തന്റെ പേര് നീക്കം ചെയ്ത് ജയ ബച്ചന്റെ പേര് ചേർക്കാൻ ശ്രമങ്ങൾ നടന്നതോടെയാണ് പരാതി നൽകിയതെന്ന് രമോല ആരോപിച്ചു.

1993ലെ ഇഷ്ടദാനം നടപ്പാക്കിയ രീതിയെയും രമോല ചോദ്യം ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ വെള്ളക്കടലാസിലാണ് ഇഷ്ടദാന ആധാരം തയാറാക്കിയത്. രേഖകളിൽ സാക്ഷികളുടെ ഒപ്പില്ല. പിന്നീട് മഹാരാഷ്ട്ര സർക്കാരിന്റെ 'അഭയ് യോജന' പദ്ധതിക്ക് കീഴിൽ ആധാരം രജിസ്റ്റ‌ർ ചെയ്യുകയും ക്രമപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് രമോല പറയുന്നത്.

പരാതി ലഭിച്ചതായും വാദം കേൾക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തർക്കത്തിലുള്ള രേഖകളുടെ സാധുതയോ ഉടമസ്ഥാവകാശമോ സംബന്ധിച്ച് അധികൃതർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയത്തിൽ അമിതാഭ് ബച്ചനോ ജയ ബച്ചനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ താരവസതികളിലൊന്നാണ് ജൽസ. ഏകദേശം 100 കോടി രൂപയാണ് വീടിന്റെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഞായറാഴ്ചയും വീടിന് മുന്നിലെത്തുന്ന ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യുന്നതും പതിവാണ്. വൈകിട്ട് അഞ്ചുമണിയോടെ താരത്തെ കാണാൻ നിരവധി ആരാധകരാണ് ഇവിടെ കാത്തുനിൽക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *