തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധമുള്ള ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ ബാനറിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി നടത്താനിരുന്ന സ്കോളർഷിപ്പ് പരീക്ഷ നിറുത്തിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി എൻ.ഷംസുദ്ദീൻ നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടും.
വിദ്യാഭ്യാസ മന്ത്രി അറിയാതെ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് യംഗ് സ്കോളർ എക്സാം എന്ന പേരിൽ പരീക്ഷ സംഘടിപ്പിക്കാൻ നിർദ്ദേശം നൽകിയത്. ബാലഗോകുലത്തിന്റ മയിൽപ്പീലി എന്ന പ്രസിദ്ധീകരണത്തിന്റെയും ദേശീയ അദ്ധ്യാപക പരിഷത്തിന്റെയും നേതൃത്വത്തിലാണ് സംസ്ഥാനത്തെ എയ്‌ഡഡ്, സർക്കാർ സ്കൂളുകളിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കാൻ തീരുമാനമായത്. ദേശീയ അദ്ധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്. പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ നിലവിൽ സ്കൂളുകളിൽ പുരോഗമിക്കവെയാണ് പരീക്ഷ നിറുത്തിവയ്ക്കാൻ മന്ത്രി നിർദ്ദേശിച്ചത്.
മാദ്ധ്യമങ്ങളിൽ നിന്നാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്നും പരീക്ഷ നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. നയപരമായ നിലപാടുകൾക്ക് വിരുദ്ധമായ നീക്കമാണോ എന്ന് പരിശോധിക്കാതെയാണ് വിദ്യാഭ്യാസ ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയതെന്നാണ് വിവരം. നേരത്തെ ആരോഗ്യം, എക്സൈസ് വകുപ്പുകളിലും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ എടുത്തതിൽ വിമർശനം ഉയർന്നിരുന്നു.