ഭോപ്പാൽ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യാഗസ്ഥന്റെ വസതികളിലും ഓഫീസിലും ലോകായുക്ത പരിശോധന. മദ്ധ്യപ്രദേശിലെ സത്പുര കടുവാ സങ്കേതത്തിലെ അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് കുമാർ ശർമയുടെ വസതികളിലും ഓഫീസിലുമാണ് ലോകായുക്ത പരിശോധന നടത്തുന്നത്. ഏകദേശം 7.6 കോടിരൂപയുടെ സ്വത്തുക്കൾ ഇതിനോടകം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരിശോധന പുരോഗമിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ വരുമാനത്തിന്റെ 228 ശതമാനം അധികം സ്വത്ത് ശർമ്മ സമ്പാദിച്ചിട്ടുണ്ടെന്നാണ് ലോകായുക്ത കണ്ടെത്തിയത്. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത ലോകായുക്ത കോടതിയിൽനിന്ന് പരിശോധനയ്ക്കുള്ള അനുമതി തേടുകയായിരുന്നു. ലോകായുക്തയുടെ ഭോപ്പാൽ ഡിവിഷനിൽനിന്നുള്ള പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
പരിശോധനയിൽ 26,36,800 രൂപയുടെ നോട്ടുകെട്ടുകളും ഏകദേശം 3.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 1.656 കിലോഗ്രാം വെള്ളിയും പിടിച്ചെടുത്തു. ഒരു സ്കോർപിയോ, മഹീന്ദ്ര കെയുവി, റോയൽ എൻഫീൽഡ് ബുള്ളറ്റ്, സ്കൂട്ടർ എന്നിവയുൾപ്പെടെ നാല് വാഹനങ്ങളും അന്വേഷണസംഘം കണ്ടെത്തി. ഇവയുടെ ആകെ മൂല്യം ഏകദേശം 31.2 ലക്ഷം രൂപയാണ്. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് വീട്ടിലുള്ളതെന്നാണ് കണ്ടെത്തൽ.
ഇതുവരെ കണ്ടെത്തിയ സ്വത്തുക്കളുടെ മൂല്യം വരുമാനത്തിന്റെ 560 ശതമാനത്തോളം അധികമാണെന്നാണ് ലോകായുക്തയുടെ പ്രാഥമിക കണക്ക്. എന്നാൽ, പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചതിന് ശേഷമേ ഇത് സംബന്ധിച്ച യഥാർത്ഥ കണക്ക് വ്യക്തമാകൂവെന്ന് അധികൃതർ അറിയിക്കുന്നു. ശർമ്മയുമായി ബന്ധപ്പെട്ട കൂടുതൽ കേന്ദ്രങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയാണ് ലോകായുക്ത.