ചണ്ഡീഗഢ്: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ആന്റിടെറർ സ്ക്വാഡ്, ശ്രീ ഗംഗാനഗർ പൊലീസ്, പഞ്ചാബ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തത്. മഹക്ദീപ് കൗർ (21), ദവിന്ദർ സിംഗ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിന് പാകിസ്ഥാൻ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായവർക്ക് പാകിസ്ഥാനിലുള്ള രണ്ട് ഹാൻഡലറുകളുമായി ബന്ധമുണ്ടെന്നാണ് വിവരം. 'ചാച്ച', 'ഷാ' എന്നിങ്ങനെയായിരുന്നു ഇവരിൽ ഓരോരുത്തരും അറിയപ്പെട്ടിരുന്നത്. പ്രണയാതുരമായ സംഭാഷണങ്ങളിലൂടെ ഇവർ യുവതിയെ കെണിയിൽ വീഴ്ത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പതിവായി ഉപയോഗിക്കുന്ന രീതിയാണിതെന്നും പൊലീസ് പറയുന്നു. ഗംഗാനഗർ സ്വദേശിയായ ബബിത എന്ന സ്ത്രീയെ കുടുക്കാൻ ഐഎസ്ഐ മുമ്പ് സമാനമായ രീതി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയാണ് മഹക്ദീപ്. ഇവരുടെ ഭർത്താവ് മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയാണ്. ഇങ്ങനെയുള്ള സ്ത്രീകളെ വലയിലാക്കാനാണ് ഐഎസ്ഐ ലക്ഷ്യം വയ്ക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരോട് പ്രണയാതുരമായ സംഭാഷണം നടത്തി പണം വാഗ്ദാനം ചെയ്തുമാണ് തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ നടപ്പാക്കുന്നത്. രാജസ്ഥാനിലെ ട്രെയിനിൽ സ്ഫോടനം നടത്താൻ സ്ത്രീക്ക് പണം ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്ത്രീയുടെ പക്കൽ നിന്ന് രണ്ട് ആയുധങ്ങളും 46 തിരകളും 30,000 രൂപയും പൊലീസ് കണ്ടെടുത്തു. കൂടാതെ മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്ക് താമസസൗകര്യവും ഒരു മോട്ടോർസൈക്കിളും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് യാത്രാസൗകര്യവും ഏർപ്പെടുത്തിയത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഈ മാസം മൂന്നിന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള 50 ജിബി ഗ്രാമത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. പാളത്തിനടിയിലെ സിമന്റ് പില്ലറുകൾ തകർന്ന് കമ്പികൾ പുറത്തുവന്ന നിലയിലാണ്. രാത്രി 8.30ഓടെ അനൂപ്ഗഢിൽ നിന്ന് സൂറത്ത്ഗഢിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു. ഇതിന് പിന്നാലെ രാത്രി 9.45ഓടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്ഫോടനം നടന്നത് എന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.