ട്രംപ്, ഷി ജിൻപിങ്, പുടിൻ ഒരുമിച്ചെത്തുന്നു; ചരിത്രത്തിലെ ആദ്യ ത്രികക്ഷി കൂടിക്കാഴ്ചയ്ക്ക് വേദിയാകാന്‍ ചൈന

വാഷിങ്ടൺ: ആഗോള രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന നയതന്ത്ര നീക്കത്തിന് വഴിയൊരുങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നിവർ ആദ്യമായി ഒരുമിച്ച് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അടുത്തയാഴ്ച ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാകും മൂന്ന് രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തുക. ലോകത്തെ പ്രധാന ആണവശക്തികളുടെ നേതാക്കൾ ഒരുമിക്കുന്നതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് രാജ്യാന്തര തലത്തിൽ വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.

ആണവായുധ നിയന്ത്രണം, റഷ്യ-യുക്രൈൻ യുദ്ധം, ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ. അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാർ അവസാനിച്ച് ഒൻപത് മാസത്തിന് ശേഷമാണ് നേതാക്കൾ ഒരുമിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ഫെബ്രുവരിയിലാണ് കരാറിന്റെ കാലാവധി അവസാനിച്ചത്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യം റഷ്യ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ധാരണയായിരുന്നില്ല.

മൂന്ന് രാജ്യങ്ങളുടെയും ആണവായുധ ശേഖരം സംബന്ധിച്ച് ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷ ട്രംപ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ നിർണായക കരാറുകളിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. പകരം മൂന്ന് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ചർച്ചകൾക്ക് തുടക്കമിടുകയും ആണവായുധ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശയവിനിമയം ശക്തമാക്കുകയുമാണ് ലക്ഷ്യമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തെ പ്രധാന ശക്തികൾ തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവാകുമോ ഈ കൂടിക്കാഴ്ചയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *