അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടിവി രാജേഷിനെയും വെറുതെവിട്ടു; 13 സിപിഎം പ്രവർത്തകർ കുറ്റക്കാർ

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തർ. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല.കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി അജിത് കുമാർ, 28ാം പ്രതി പി പി സുരേശ എന്നിവരാണ് കുറ്റക്കാർ. സിബിഐ പ്രത്യേക കോടതി (3)ആണ് വിധി പറഞ്ഞത്. കെവി സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കും. തെളിവുകളുടെ അഭാവത്തിലാണ് 18 പ്രതികളെ കേസിൽ നിന്ന് വെറുതെവിട്ടത്.

കണ്ണൂര്‍ പട്ടുവത്തും അരിയിലിലും സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അക്രമങ്ങളും നടന്നിരുന്നു. ഇതില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനെത്തിയ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ 2022 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.15 സമയത്ത് അരിയില്‍ വച്ച് കല്ലേറുണ്ടായി. ലീഗ് – എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. കല്ലേറില്‍ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി ജയരാജന്‍റെ വാഹം അരിയിൽ വെച്ച് ആക്രമിച്ചതായിരുന്നു ഷുക്കൂർ വധത്തിന് കാരണമായത്.

23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് വിധി വന്നത്. ചുളളിയോട്ട് വയൽ വരമ്പത്ത് കുത്തേറ്റ് മരിച്ച നിലയിൽ അബ്ദുൾ ഷുക്കൂറിനെ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിലേറ്റ കുത്താണ് മരണകാരണം. എന്നാൽ സാക്ഷിമൊഴികൾ പുറത്ത് വന്നപ്പോഴാണ് കേരളത്തെ നടുക്കിയ പ്രാകൃത രീതിയിലുള്ള കൊലപാതകമായിരുന്നു ജയരാജന്‍റെ വാഹനം ആക്രമിച്ചതിനുള്ള തിരിച്ചടിയെന്ന് വ്യക്തമായത്.

പി ജയരാജനെ ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഉൾപ്പെട്ടിരുന്നില്ല. ഇതൊന്നുമറിയാതെ വള്ളുവൻ കടവ് കടന്ന് അരിയിലേക്ക് വരികയായിരുന്നു ഷുക്കൂറിനെയും സുഹൃത്തുക്കളായ സക്കറിയ, അബ്ദുൾ സലാം, അയൂബ്, ഹിരിസ് എന്നിവരെ ചിലർ പിന്തുടർന്നു. പന്തികേട് തോന്നി അഞ്ചുപേരും തൊട്ടടുത്ത മുഹമ്മദ് കുഞ്ഞിയുടെ വീട്ടൽ അഭയം തേടി. എന്നാൽ ഒരു സംഘം വീട് വളഞ്ഞു. കുഞ്ഞിമുഹമ്മദിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി സിപിഎം നേതാക്കൾ സിഎൻ മോഹനനും, മൈന ദിനേശനും ഷുക്കൂറിന്‍റെ ഫോട്ടോ എടുത്ത് എംഎംഎസ് വഴി തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ 315 ആം മുറിയിൽ ജയരാജനൊപ്പമുള്ള സിപിഎം നേതാവ് എവി ബാബുവിന് അയച്ചു.

കൊലപ്പെടുത്തേണ്ടത് ഷുക്കൂറിനെ ആണെന്ന് ഉറപ്പാക്കിയശേഷം മറ്റുള്ളവരെ വിട്ടയച്ചു. 2 മണിയോടെ വീടിന് മുന്നിലുള്ള പാടത്തേക്ക് സക്കറിയക്കൊപ്പം ഷുക്കൂറിനെ നടത്തിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, സംഭവ സ്ഥലത്ത് നിന്നാണ് സക്കറിയ രക്ഷപ്പെട്ടത്.

ഷുക്കൂറിന്‍റെ ഉമ്മയുടെ ഹ‍ർജിയിലാണ് സിബിഐ എത്തുന്നത്. എന്നാൽ പുതുതായി വലിയ കണ്ടെത്തലുകളൊന്നും സിബിഐ നടത്തിയില്ല. ഐപിസി 118 ന് പകരം 120 ബി ചുമത്തി അധിക റിപ്പോർട്ട് നൽകിയത് മാത്രമാണ് സിബിഐ ചെയ്യത്.

Leave a Reply

Your email address will not be published. Required fields are marked *