സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് മാത്രം രണ്ടായിരത്തോളം രൂപയുടെ ഇടിവ്, നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 11,980 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണവില പവന് 2,040 രൂപ കുറഞ്ഞിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഒരു ലക്ഷം രൂപയിൽ താഴെ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ മാത്രം പവൻ വിലയിൽ 11,240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ സർവകാല റെക്കോഡ് നിരക്കായ 1,31,160 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 35,320 രൂപ കുറഞ്ഞു.

യു എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തുമെന്ന സൂചനകളും, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,725 ഡോളറിലേക്ക് താഴ്ന്നതും നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതുമാണ് വില ഇടിയാൻ പ്രധാന കാരണമായത്.

സ്വർണവിലയിൽ വരും ദിവസങ്ങളിൽ അൽപ്പം കൂടി കുറവ് സംഭവിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഔൺസിന് 3,500 ഡോളർ നിലവാരത്തിലേക്ക് താഴുകയാണെങ്കിൽ കേരളത്തിൽ പവൻ വില 90,000 രൂപയ്‌ക്ക് അടുത്തേക്ക് എത്തിയേക്കാമെന്ന് സാമ്പത്തിക വിശകലന വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *