വീട്ടിൽ സോളാർ വച്ചവർക്ക് പഴയ കെഎസ്ആർടിസി ബസുകളോട് ഇനി ഇഷ്ടംകൂടും, വീട്ടിലെത്തി വൈദ്യുതി കൊണ്ടുപോകും

മണ്ണാർക്കാട് (പാലക്കാട്): കോടികളുടെ ചെലവില്ല. പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതില്ല. മുതൽമുടക്ക് വെറും 20 ലക്ഷം. പഴയ കെ.എസ്.ആർ.ടി.സി ബസുകളെ സഞ്ചരിക്കുന്ന വൈദ്യുതി സ്റ്റോറേജ് (പവർ ഓൺ വീൽസ്) സംവിധാനമാക്കി മാറ്റാം. സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെത്തി വൈദ്യുതി ശേഖരിക്കാം. ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കാം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരവുമാകും.

മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സഞ്ചരിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം (ബെസ്)​ അവതരിപ്പിച്ചത് വി.എം.അബ്ദുൽ അസീസ് റഹ്മാനും കെ.എസ്.ജഫ്‌കാശ് റഹ്മാനും. തൃശൂർ ചാവക്കാട് കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡ് സ്കൂളിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണിവർ. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകൾ വഴി പകൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ബസുകളിൽ ഘടിപ്പിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനത്തിൽ സംഭരിക്കാം. അതിനായി നിശ്ചിത സമയങ്ങളിൽ അവിടങ്ങളിൽ എത്താം.

രാത്രിയിൽ വൈദ്യുതി ആവശ്യമുള്ള വലിയ പരിപാടികൾക്കും ഈ ബസുകൾ എത്തിക്കാം. ഇതിലൂടെ ജനറേറ്റർ ഉപയോഗിക്കുന്നത് ഒഴിവാക്കാനാകും. ബൈ ഡയറക്ഷണൽ ഇൻവെർട്ടർ, വെഹിക്കിൾ ടു ഗ്രിഡ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ട്രാൻ. ബസുകളിൽ സംഭരിക്കുന്ന വൈദ്യുതി ആവശ്യാനുസരണം വൈദ്യുതി ശൃംഖലയിലേക്ക് തിരിച്ചു നൽകാനുമാവും. ശാസ്ത്രമേളയിലെ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലാണ് ഇത് പ്രദർശിപ്പിച്ചത്. മത്സരത്തിന്റെ ഭാഗമല്ല.

ഈ സംവിധാനമൊരുക്കുന്ന ബസുകളെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന രൂപത്തിലാക്കാം. അപകടമേഖലകളിൽ വൈദ്യുതിയും വെളിച്ചവും എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എമർജൻസി ലൈറ്റുകളും സൈറണും ഘടിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *