ചെന്നൈ: തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരനായ പ്രീ-കെജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതായി പരാതി. കൈകൾ കെട്ടിയിട്ട നിലയിൽ കുട്ടി പിടയുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതുമായ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്കും ആയയ്ക്കും എതിരെ പോലീസ് കേസെടുത്തു. ക്രൂരതയും അനാസ്ഥയും കാണിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വീഡിയോയിൽ, കൈകൾ കെട്ടിയിട്ട നിലയിൽ കുട്ടി എഴുന്നേൽക്കാൻ പാടുപെടുന്നത് കാണാം. മറ്റൊരു ക്ലിപ്പിൽ, സ്വയം മോചിതനാകാൻ കുട്ടി കയറിൽ കടിക്കാൻ ശ്രമിക്കുന്നതും കാണാം. മൂന്നാമത്തെ വീഡിയോയിൽ, അസ്വസ്ഥതയോ വേദനയോ കാരണം കുട്ടി ഉറക്കെ നിലവിളിക്കുമ്പോൾ മറ്റ് കുട്ടികളും അധ്യാപികയെന്ന് കരുതുന്ന ഒരു സ്ത്രീയും ക്ലാസ് മുറിയിൽ ഇരിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
കുട്ടി വികൃതി കാണിച്ചതിനാലും അധ്യാപിക പറയുന്നത് അനുസരിക്കാത്തതിനാലുമാണ് വനിതാ അറ്റൻഡർ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതെന്ന് പോലീസ് പറയുന്നു. കുട്ടി വികൃതി കാണിച്ചതിനാലും അധ്യാപികയെ അനുസരിക്കാത്തതിനാലും അറ്റൻഡറാണ് ഈ ക്രൂരകൃത്യം ചെയ്തത്. അധ്യാപിക ഇതിന് മൂകസാക്ഷിയായി നിന്നു. വിനൈൽ ഷീറ്റിൽ പൊതിഞ്ഞിരിക്കുമ്പോൾ കുട്ടി താഴെ വീണാണ് കണ്ണിന് സമീപം പരിക്കേറ്റതെന്ന് കരുതുന്നു.
സ്കൂളിൽ നിന്ന് പരിക്കുകളോടെ വീട്ടിലെത്തിയ കുട്ടി, അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി പിതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പിതാവ് സ്കൂളിലെത്തി ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ദേഹം തിരുത്തുറൈപൂണ്ടി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് സ്കൂൾ മാനേജ്മെന്റ് രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.