കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ; കോവളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: കോവളത്ത് യുവാവിനെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ഉച്ചക്കട സ്വദേശി ശരൺ (26) ആണ് മരിച്ചത്. വീടിന്റെ സൺഷെയ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്.

മാപ്പുകൾ കാണുക

രണ്ട് കൈകളും പിന്നിലേക്ക് ചേർത്തുപിടിച്ച് തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അമ്മയും ശരണും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പാചകത്തൊഴിലാളിയായ അമ്മ വിവാഹച്ചടങ്ങിനുള്ള സദ്യ ഒരുക്കാൻ പോയതിനാൽ സംഭവസമയത്ത് ശരൺ വീട്ടിൽ തനിച്ചായിരുന്നു.

രാത്രി 11 മണിക്ക് ശേഷവും ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഓൺലൈൻ സാമ്പത്തിക ഇടപാടിലൂടെ ശരണിന് പണം നഷ്ടപ്പെട്ടിരുന്നോയെന്നും ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമം ആത്മഹത്യയിലേക്ക് നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ അയക്കുമെന്നും പൊലീസ് അറിയിച്ചു. മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *