കൊലവിളി പ്രസംഗത്തിനെതിരേ കെ.എസ്.യു.വിന്റെ പരാതി : ടി.ഐ. മധുസൂദനനെതിരെ കേസെടുത്തു

കണ്ണൂര്‍: കൊലവിളിപ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെതിരെ കേസെടുത്തു. കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ വേദിയില്‍ ധനരാജ് വധക്കേസിലെ കോടതി വിധിയെ വിമര്‍ശിച്ച അദ്ദേഹം ജഡ്ജിക്കെതി രെയും അധിക്ഷേപം ഉന്നയിച്ചു.

കലാപാഹ്വാനം ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 192 (ഒരു വര്‍ഷം വരെ തടവോ പിഴയോ), 351(3) (ഏഴ് വര്‍ഷം വരെ തടവോ പിഴയോ), 352 (രണ്ട് വര്‍ഷം വരെ തടവോ പിഴയോ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചീമേനി സംഭവ ത്തില്‍ സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ല. എന്നാല്‍ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന വസ്തുത ഓര്‍മ്മിക്കണമെന്നും, കണക്കുകള്‍ തീര്‍ക്കേണ്ടത് അതേ രീതിയില്‍ തന്നെയായിരിക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഈ വാക്കുകളാണ് മുഹമ്മദ് ഷമ്മാസിന്റെ പരാതിക്ക് വഴിയൊരുക്കിയത്.

മധുസൂദനന്റെ പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പൊലീസ് പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മുന്‍ ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം പ്രകോപനപരമായ വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്താന്‍ മടിയില്ലെന്ന പരസ്യ ആഹ്വാനമാണ് പ്രസംഗത്തിലൂടെ നടന്നതെന്ന് കെ.കെ. രമ എംഎല്‍എ കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം തിരിച്ചുപിടിക്കാന്‍ നാട്ടില്‍ ഭീതി വിതയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ഇതിനെ ലഘുവായി കാണാനാകില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

അതേസമയം, പ്രസംഗത്തെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സ്വീകരിച്ചത്. ടി.ഐ. മധുസൂദനന്‍ നിലവില്‍ എംഎല്‍എയോ മുഖ്യമന്ത്രിയോ അല്ലെന്നും, മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ആര്‍ക്കും ആശങ്കയില്ലെന്നും, മാധ്യമങ്ങളടക്കം ഈ വിഷയം അനാവശ്യമായി ആഘോഷിക്കുകയാണെന്നുമാണ് രാഗേഷ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *