കാലങ്ങളായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ബന്ധം അറ്റുപോകുമ്പോള്‍ വലിയ വേദന തോന്നുന്നു; സുരേഷ് ഗോപി

 

മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന്റെ വിടവാങ്ങലിന്റെ വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സലിം കുമാറിനെ തെങ്കാശിപ്പട്ടണം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലേക്ക് പരിചയപ്പെടുത്തിയത് സുരേഷ് ഗോപിയെന്ന് സലിം കുമാര്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.ചിരിക്ക് വേറിട്ട ഭാവം കൊണ്ടുവന്നയാളാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു. ചിരിക്ക് പുതിയ തിരക്കഥയെഴുതിയ പ്രതിഭയാണ് സലിം കുമാര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല തന്റെ രാഷ്ട്രീയം. എന്നാല്‍ അതിലുമപ്പുറം എക്കാലവും വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു. പ്രേക്ഷകര്‍ക്കായി ഒട്ടേറെ സന്ദേശങ്ങള്‍ ബാക്കിവച്ചാണ് സലിം കുമാര്‍ യാത്രയാകുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *