നടൻ കുഞ്ചാക്കോ ബോബനോടുള്ള ഒരു സ്കൂൾ കുട്ടിയുടെ ഹൃദ്യമായ സ്നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സ്നേഹനിർഭരമായ നിമിഷങ്ങൾ അരങ്ങേറിയത്. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. നിറഞ്ഞ ചിരിയോടെ കുട്ടിയെ സ്വീകരിക്കുന്ന കുഞ്ചാക്കോ ബോബനെയും വിഡിയോയിൽ കാണാം.
ലിയോ തേർട്ടീന്ത് സ്കൂളിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി കുഞ്ചാക്കോ ബോബന് റോസാപ്പൂ സമ്മാനിച്ചു. പിന്നീട് അപ്രതീക്ഷിതമായി ഓടിവന്ന് കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ച് ചുബിച്ചു. നിറഞ്ഞ ചിരിയോടെ, തലയിൽ തലോടിക്കൊണ്ട് കുഞ്ചാക്കോ ബോബൻ കുട്ടിയെ ചേർത്തു പിടിച്ചു. താരത്തിന്റെ കവിളിൽ തുരുതുരാ ചുംബിച്ച ശേഷം ‘ഇത് ഞങ്ങടെ അങ്കിളാ..’ എന്നും വിദ്യാർഥി എല്ലാവരോടുമായി പറയുന്നുണ്ട്. മനംനിറയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചെന്നിത്തലയോടും സംസാരിച്ചാണ് വിദ്യാര്‍ഥി മടങ്ങിയത്.
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ഒന്നിച്ച ‘ഉന്മാദം’ എന്ന സിനിമയുടെ പ്രചാരണാർഥമാണ് ചാക്കോച്ചൻ ചടങ്ങിനെത്തിയത്. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഉന്മാദം’. ക്രൈം ത്രില്ലര്‍ ജോണറില്‍പ്പെടുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്.
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി, അന്ധവിശ്വാസവും സൂപ്പർനാച്ചുറൽ എലമെന്റുകളും ചേർത്തുവച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.