ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇനിമുതൽ പൊളിറ്റിക്കൽ പ്രഷർ ഗ്രൂപ്പ് (രാഷ്ട്രീയ സമ്മർദ്ദ സംഘം) ആയി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഛത്രപതി സംഭാജിനഗറിലെ പാർട്ടിയുടെ കോർ കമ്മിറ്റി മീറ്റിംഗിന് മുൻപായിരുന്നു പ്രഖ്യാപനം. മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുപകരം പൊതുജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പ്രസ്ഥാനമാണ് രാജ്യത്തിനാവശ്യമെന്ന് അഭിജീത് പറയുന്നു.
എന്താണ് പ്രഷർ ഗ്രൂപ്പ്
തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെയും രാഷ്ട്രീയ അധികാരം വഹിക്കാതെയും പൊതുനയം, കോർപ്പറേറ്റ് തീരുമാനങ്ങൾ, സർക്കാർ നിയമങ്ങൾ എന്നിവയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ആളുകളുടെ ഒരു സംഘടിത കൂട്ടമാണ് പ്രഷർ ഗ്രൂപ്പ്. പ്രത്യേക കാരണങ്ങളിലോ കൂട്ടായ താത്പര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കും നയരൂപീകരണക്കാർക്കും ഇടയിലുള്ള ഒരു കണ്ണിയായി ഇവർ പ്രവർത്തിക്കുന്നു.
എങ്ങനെയാണ് പ്രവർത്തിക്കുന്നത്
സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താൻ ഏറെ ഫലപ്രദമായവയാണ് പ്രഷർ ഗ്രൂപ്പുകൾ. അവർ നിയമങ്ങൾ വിജയകരമായി മാറ്റുകയും, കോർപ്പറേറ്റ് ഉത്തരവാദിത്തം നടപ്പിലാക്കുകയും, ദേശീയ നയം മാറ്റുകയും ചെയ്യുന്നു. ലക്ഷ്യങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രഷർ ഗ്രൂപ്പുകൾ പ്രവർത്തിക്കുക. ഇതിനായി വിവിധ മാർഗങ്ങൾ വിനിയോഗിക്കുകയും ചെയ്യും.
- ലോബി, കൺസൾട്ടേഷൻ: ഗവേഷണം, നയരൂപീകരണങ്ങൾ, കരട് ബില്ലുകൾ എന്നിവ അവതരിപ്പിക്കുന്നതിനായി ഇവർ ബ്യൂറോക്രാറ്റുകൾ, മന്ത്രിമാർ, നിയമനിർമ്മാതാക്കൾ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ശക്തമാണ്.
- മീഡിയ, പബ്ളിസിറ്റി ക്യാമ്പെയിനുകൾ: പൊതുജന അവബോധം വളർത്തുകയും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും ചെയ്യുന്നതിനായി സമൂഹമാദ്ധ്യമങ്ങൾ, പരസ്യം, ടെലിവിഷൻ എന്നിവ ഉപയോഗിക്കുന്നു.
- പൊതുപ്രതിഷേധങ്ങളും പ്രകടനങ്ങളും: സർക്കാരിന്റെ അടിയന്തര ഇടപെടലിനായി പൊതുജനങ്ങളെ ഒത്തുക്കൂട്ടി റാലികൾ, മാർച്ചുകൾ, സമരങ്ങൾ എന്നിവ സംഘടിപ്പിക്കും.
- ബഹിഷ്‌കരണങ്ങളും സാമ്പത്തിക സമ്മർദ്ദവും: ധാർമ്മികതയില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ ഉപഭോക്തൃ ബഹിഷ്‌കരണങ്ങൾ സംഘടിപ്പിക്കുന്നു.
- വ്യവഹാരം: നയപരമായ മാറ്റങ്ങളുണ്ടാകുമ്പോൾ കേസുകൾ ഫയൽ ചെയ്യുകയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കോടതികളിലൂടെ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
ലോകത്തെ പ്രശസ്ത പവർ ഗ്രൂപ്പുകൾ
പരിസ്ഥിതി, കാലാവസ്ഥാ
- ഗ്രീൻപീസ്: അപകടകാരിയായ രാസവസ്തുക്കൾ നിരോധിക്കുന്നതിനും വാണിജ്യ തിമിംഗലവേട്ട അവസാനിപ്പിക്കുന്നതിനും പുനരുപയോഗ ഊർജത്തിലേയ്ക്ക് മാറുന്നതിനും സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുന്നു.
- വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ള്യു ഡബ്ള്യു എഫ്): അന്താരാഷ്ട്ര സംരക്ഷണ നയങ്ങൾ, കാലാവസ്ഥാ പ്രവർത്തനങ്ങൾ, സുസ്ഥിര കോർപ്പറേറ്റ് വിതരണ ശൃംഖലകൾ എന്നിവയെ വളരെയധികം സ്വാധീനിക്കുന്നു.
- എക്സ്റ്റിന്‍ഷന്‍ റിബലിയന്‍ (എക്‌സ് ആർ): ആഗോള സര്‍ക്കാരുകളെ ഔപചാരിക കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി പൊതു ഉപരോധങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും
- ആംനെസ്റ്റി ഇന്റർനാഷണൽ: സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ പൗരന്മാരെ അണിനിരത്തുന്ന വലിയ ശ്യംഖല. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും വധശിക്ഷകൾ നിർത്തലാക്കാനും വിവേചനപരമായ നിയമങ്ങൾ മാറ്റിയെഴുതാനും അവർ ഭരണകൂടങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നു.
- ഹ്യൂമൻ റൈറ്റ്‌സ് വാച്ച്: നിയമ, രാഷ്ട്രീയ ലോബിയിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ലോക നേതാക്കളെയും ഐക്യരാഷ്ട്രസഭയെയും പ്രാദേശിക സംഘടനകളെയും സമ്മർദ്ദത്തിലാക്കുന്ന ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു.