ത്രിഫലചൂർണം; ഉപയോഗിക്കാൻ വരട്ടെ, അതിന് മുൻപ് അറിയാം ചില കാര്യങ്ങൾ

നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്നു ഫലങ്ങൾ ഉണക്കിപ്പൊടിച്ചതാണ് ആയുർവേദ ഔഷധമായ ത്രിഫലചൂർണം. ദഹനപ്രശ്നങ്ങൾ അകറ്റാനും സൗഖ്യമേകാനും ഇത് സഹായിക്കുന്നു. ഒരു ഭാഗം കടുക്ക, രണ്ടു ഭാഗം താന്നിക്ക, മൂന്നു ഭാഗം നെല്ലിക്ക ഇങ്ങനെയാണ് ചൂർണത്തിന് ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ ആഗിരണത്തിനും ദഹനത്തിനും ഈ ചൂർണം സഹായിക്കും. ത്രിഫലയിൽ ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, സസ്യസംയുക്തങ്ങൾ ഇവയുണ്ട്.

ത്രിഫലയിൽ ഗാലിക് ആസിഡ് പോലുള്ള ആന്റി ഓക്സിഡന്റുകളും മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങളും ഉണ്ട്. ഈ ഘടകങ്ങൾ ജൈവപ്രക്രിയയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാനുള്ള പഠനത്തിലാണ് ഗവേഷകർ. ത്രിഫലയുടെ ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി, മെറ്റബോളിക് ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ത്രിഫലചൂർണം ഉണ്ടാക്കാൻ നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങളും ഉണക്കി അവയുടെ കുരു കളയണം. അതിനുശേഷം ഇവ മൂന്നും പ്രത്യേകമായി പൊടിക്കണം.

ഒട്ടും തരിയില്ലാതെ പൊടിച്ചശേഷം നിശ്ചിത അളവിൽ ഇവ മൂന്നും ചേർത്താൽ ത്രിഫലചൂർണം തയാറായി. ത്രിഫലചൂർണം ഇളം ചൂടുവെള്ളത്തിൽ ചേർത്ത് രാത്രിയിൽ കഴിക്കാം. രാവിലെയാണെങ്കിൽ തേൻ ചേർത്തും ത്രിഫലചൂർണം കഴിക്കാം. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരോ രോഗങ്ങളുള്ളവരോ വൈദ്യനിർദേശപ്രകാരം മാത്രമേ ത്രിഫലചൂർണം ഉപയോഗിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *