തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് തപ്സി. വ്യത്യസ്തവും ശക്തവുമായ നിരവധി കഥാപാത്രങ്ങൾ തപ്സി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചില സിനിമകളിൽ നിന്ന് അകാരണമായി തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി. യൂട്യൂബർ നയൻദീപുവുമായുള്ള അഭിമുഖത്തിലാണ് തപ്സി ഇക്കാര്യം വ്യക്തമാക്കിയത്.
'ഒന്നിലധികം സിനിമകളിൽ നിന്ന് അകാരണമായി എന്നെ നീക്കം ചെയ്തിട്ടുണ്ട്. ഷൂട്ടിംഗിനായി ഡേറ്റുകൾ വരെ നൽകിയശേഷമാണ് എന്നെ ഒഴിവാക്കിയത്. ഒരു സിനിമയിൽ നായകന്റെ ആവശ്യപ്രകാരമാണ് എന്നെ മാറ്റിയത്. ദൈവത്തിനറിയാം കാരണം. എന്തായിരിക്കുമെന്ന് ഞാൻ കുറേ ആലോചിച്ചു. ഒരുപക്ഷേ അവരുമായി കൂടുതൽ അടുപ്പമുള്ള നടിയെ തിരഞ്ഞെടുക്കണമെന്ന ആഗ്രഹമാവാം കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ വ്യക്തമായ ഒരു കാരണം എനിക്ക് അണിയറപ്രവർത്തകർ പോലും നൽകിയില്ല. അദ്ദേഹത്തിന് എന്നെ സിനിമയിൽ വേണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ. വേറൊരു സിനിമയിൽ നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്തെന്ന് പോലും ഇതുവരെയും എനിക്ക് അറിയില്ല' – തപ്സി വ്യക്തമാക്കി.
സിനിമയിൽ തുടക്കകാലത്ത് പരിചയക്കുറവ് മൂലം ജോലിയുടെ ഭാഗമാണെന്ന് കരുതി പല കാര്യങ്ങളും അംഗീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും തപ്സി വെളിപ്പെടുത്തി. എന്നാൽ അതിന്റെയെല്ലാം അനന്തരഫലങ്ങൾ പിന്നീട് മാത്രമാണ് മനസിലായതെന്നും നടി കൂട്ടിച്ചേർത്തു.