2,000 രൂപയ്ക്ക് മുകളിലുള്ള യുപിഎ ഇടപാടുകള്‍ക്ക് 0.4% തുക നല്‍കണം ; എംഡിആര്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു സുപ്രീംകോടതി ; കേന്ദ്രസര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പറഞ്ഞു

ന്യൂഡല്‍ഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഇതോടെ ഒക്ടോബര്‍ 15 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം.

അതേസമയം പുതിയ ചാര്‍ജുകളുടെ അടിസ്ഥാനവും സ്വഭാവവും വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്‍ അഞ്ജന്‍ ദത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ 14, 15 തീയതികളില്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വാദം കേള്‍ക്കലിനിടയില്‍, നിര്‍ദ്ദിഷ്ട എംഡിആറിന്റെ നിയമപരവും റെഗുലേറ്ററിയുമായ അടിത്തറയും ബെഞ്ച് പരിശോധിച്ചു.

ഈ ലെവിയുടെ ഭരണഘടനാപരമായ അധികാരത്തെക്കുറിച്ച് ജസ്റ്റിസ് ബാഗ്ചി ചോദ്യം ചെയ്യുകയും, ഈ ചാര്‍ജിനെ നിയമപരമായി എങ്ങനെ വിശേഷിപ്പിക്കാമെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാന സ്വഭാവം വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, യുപിഐ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

ഇത് എല്ലാ യുപിഐ പെയ്‌മെന്റുകള്‍ക്കും ബാധകമല്ലെന്ന് റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കട്ടരാമന്‍, കോടതിയെ അറിയിച്ചു. പുതിയ വ്യവസ്ഥ പ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത വ്യക്തി-വ്യാപാരി യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ബാധകമാണ്. 75,000 രൂപയ്ക്കും അതിനുമുകളിലുമുള്ള ഇടപാടുകള്‍ക്ക് ഇത് പരമാവധി 300 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വ്യക്തികള്‍ തമ്മിലുള്ള യുപിഐ കൈമാറ്റങ്ങള്‍ എംഡിആര്‍ പരിധിക്ക് പുറത്താണ്. ഈ ചാര്‍ജ് നികുതിയോ നിയമപരമായ ലെവിയോ അല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തത്. യുപിഐ ഇടപാടുകള്‍ക്ക് എന്തുകൊണ്ട് എംഡിആര്‍ ഈടാക്കാം എന്ന് ആര്‍ബിഐ വിശദീകരിക്കുന്നു. ഡിജിറ്റല്‍ പെയ്‌മെന്റ് ഇടപാടുകള്‍ക്ക് ചിലവ് വരുന്നുണ്ടെന്നും, പങ്കെടുക്കുന്ന കക്ഷികള്‍ക്കിടയില്‍ ചാര്‍ജ് ഈടാക്കുന്ന മറ്റ് പെയ്‌മെന്റ് സംവിധാനങ്ങളില്‍ നിന്ന് യുപിഐയെ വ്യത്യസ്തമായി കാണാന്‍ കഴിയില്ലെന്നും ആര്‍ബിഐയുടെ പ്രതിനിധി കോടതിയില്‍ വാദിച്ചു.

മതിയായ പൊതുചര്‍ച്ചകളോ സുതാര്യതയോ ഔദ്യോഗിക നിയമപരമായ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെയാണ് പുതിയ എംഡിആര്‍ ചട്ടക്കൂട് കൊണ്ടുവന്നതെന്ന് അഭിഭാഷകന്‍ അഞ്ജന്‍ ദത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദിക്കുന്നു. വ്യാപാരികള്‍ ഈ അധിക പെയ്‌മെന്റ് പ്രോസസ്സിംഗ് ചെലവ് സാധനങ്ങളുടെ വിലയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, ഈ സാമ്പത്തിക ഭാരം ഉപഭോക്താക്കളുടെമേല്‍ വന്നുചേരുമെന്ന് ഹര്‍ജി ആശങ്കപ്പെടുന്നു. എംഡിആര്‍ എന്നത് എല്ലാ യുപിഐ ഉപയോക്താക്കള്‍ക്കുമുള്ള പൊതുവായ ഫീസല്ല, മറിച്ച് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ഒരു നിരക്കാണ്. വ്യക്തികള്‍ തമ്മിലുള്ള യുപിഐ പെയ്‌മെന്റുകള്‍ ഈ പുതിയ ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *