ഉക്രൈനിലെ ഇന്ത്യൻ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു, ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഉക്രൈനിൽ ഇന്ത്യയുടെ കുസും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിയിലുള്ള ഫാർമ പ്ലാന്റിന്റെ പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു. മരിച്ചവരുടെ എണ്ണത്തിലും പരിക്കേറ്റവരുടെ എണ്ണത്തിലും മാറ്റമുണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കുറഞ്ഞത് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ഡ്രോണുകൾ പതിച്ച സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയർന്നുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ മരുന്നുകൾ ഉക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്ന വിതരണക്കാരായി 1994-ലാണ് കുസും ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയാണ് നിലവിൽ ഇത് നടത്തുന്നത്. 2002-ൽ മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് നിർത്തി, സ്വന്തം ബ്രാൻഡുകൾ വിപണിയിലിറക്കാൻ തുടങ്ങി.

പിന്നീട്, നിർമ്മാണ മേഖലയിലേക്ക് കടന്ന കമ്പനി 2007-ൽ ഇന്ത്യയിലും 2009-ൽ ഉക്രൈനിലെ സുമിയിലും പ്ലാന്റുകൾ തുറന്നു. പിന്നീട് ഇന്ത്യയിൽ രണ്ട് നിർമ്മാണ യൂണിറ്റുകൾ കൂടി ആരംഭിച്ചു. 50-ലധികം ജനറിക് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ഉക്രൈൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങി ഒൻപതോളം രാജ്യങ്ങളിൽ കമ്പനി വിൽക്കുന്നുണ്ട്.

റഷ്യ-ഉക്രൈൻ യുദ്ധകാലത്തുടനീളം സുമിയിലെ പ്ലാന്റ് പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ ആക്രമണം കനത്ത നാശനഷ്ടമുണ്ടാക്കി. കുറഞ്ഞത് 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ത്യൻ വേരുകളുള്ള ഒരു ഉക്രേനിയൻ കമ്പനിയായാണ് കുസും ഗ്രൂപ്പ് സ്വയം വിശേഷിപ്പിക്കുന്നത്.

വേഗതയേറിയതും താരതമ്യേന കുറഞ്ഞ ചെലവിലുള്ളതുമായ ഡസൻ കണക്കിന് ഷാഹെദ് ജെറ്റ് ഡ്രോണുകൾ റഷ്യ ദിവസേന ഉക്രൈന് നേരെ പ്രയോഗിക്കുന്നുണ്ട്. ഇവയെ തടയാൻ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് വേഗത കുറവായതിനാൽ ഉക്രൈന്റെ വ്യോമ പ്രതിരോധ സേന ഇവ തടയാൻ പ്രയാസപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *