ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിനിടെ 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു: അമിത ശബ്ദം നവജാത ശിശുക്കൾക്ക് എത്രത്തോളം അപകടമാണ്?

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുണ്ടായ ഒരു ദാരുണ സംഭവം, നവജാത ശിശുക്കളെ അമിത ശബ്ദം കേൾപ്പിക്കുന്നത് അപകടകാരണമാവും എന്ന ആശങ്കകൾക്ക് ഉയർത്തുന്നു. നവംബർ 13-ന് നടന്ന ലക്ഷ്മി ദേവി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ സംഗീതം വെച്ച ഡിജെ വാഹനം വീടിന് സമീപത്തുകൂടി കടന്നുപോയതിന് പിന്നാലെ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

വാഹനം വീടിനടുത്ത് നിർത്തിയ ഉടൻ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായും കുടുംബം പറയുന്നു. കാതടപ്പിക്കുന്ന സംഗീതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. . ഡിജെ സംഗീതവും കുഞ്ഞിന്റെ മരണവും തമ്മിൽ നേരിട്ടുള്ള ബന്ധം വൈദ്യശാസ്ത്രപരമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഉച്ചത്തിലുള്ള ശബ്ദം കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന പ്രധാനപ്പെട്ട ചോദ്യം ഈ സംഭവം ഉയർത്തുന്നുണ്ട്.

നവജാത ശിശുക്കളുടെ നാഡീവ്യവസ്ഥ പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ, അമിതമായ ശബ്ദം ഉൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങൾ അവരെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ളതും തീവ്രവുമായ ശബ്ദങ്ങൾ ശരീരത്തിൽ സമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശരീരത്തിലെ ഓക്സിജന്റെ അളവ് എന്നിവയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ, ഇത്തരം ശാരീരിക പ്രതികരണങ്ങളെ ഹൃദയസ്തംഭനമായി തെറ്റിദ്ധരിക്കരുത്. ഉച്ചത്തിലുള്ള ഡിജെ സംഗീതം മാത്രം ആരോഗ്യവാനായ ഒരു നവജാത ശിശുവിന്റെ ഹൃദയമിടിപ്പ് നേരിട്ട് നിലപ്പിക്കുമെന്ന് തെളിയിക്കുന്നതിന് നിലവിൽ മതിയായ തെളിവുകളില്ല.

അമിതമായ ശബ്ദവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിലൊന്ന് കേൾവിക്കുറവാണ്. നവജാത ശിശുക്കളുടെ ശ്രവണവ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാൽ, അമിതമായ ശബ്ദം ആന്തരിക കർണ്ണത്തിലെ അതിലോലമായ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ശബ്ദത്തിന്റെ തീവ്രതയും സമയവും അനുസരിച്ച് ഇത് താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകും.

ഒറ്റത്തവണ മാത്രം അമിതമായ ശബ്ദം കേൾക്കുന്നത് പോലും ആന്തരിക കർണ്ണത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആവർത്തിച്ചുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കാനാവാത്ത കേൾവിക്കുറവിലേക്ക് നയിക്കും. ചുറ്റുപാടുകളിൽ നിന്നുള്ള ശബ്ദം കുട്ടികളുടെ കേൾവി, ഉറക്കം, ശാരീരിക പ്രതികരണങ്ങൾ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സും മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *