തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കായികതാരങ്ങൾക്ക് സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.
എല്ലാം മുൻകൂട്ടി പ്രഖ്യാപിച്ച് ആദ്യം തന്നെ നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. മെഡൽ ജേതാക്കൾക്ക് നൽകാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയൽ നടപടികൾ പൂർത്തിയാക്കി വരികയാണ്. ഒക്ടോബർ 13ന് ജി.വി. രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് പാരിതോഷികം നൽകുമെന്നും മന്ത്രി അറിയിച്ചു.
കായിക വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സൂക്ഷ്മതയും വേഗതയും ഉണ്ടാകുമെന്നും കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. താൻ ഷൂട്ടിംഗ് പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.