പ്രമേഹത്തിനും തടി കുറയാനുമുള്ള മരുന്ന് കഴിക്കുന്നവർക്ക് വെല്ലുവിളി, കാഴ്ച പൂർണമായി പോകുന്ന അപൂർവ രോഗത്തിന് സാദ്ധ്യത

ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമുള്ള പ്രമുഖ മരുന്നുകളായ ഒസെംപിക്, വെഗോവി, സക്‌സേൻഡ, മൗഞ്ചാരോ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ അപൂർവവും ഗുരുതരവുമായി 'നോൺ ആർട്ടെറിക് ആന്റീരിയർ ഇസ്‌കെമിക് ഒപ്‌റ്റിക് ന്യൂറോപതി' (നയോൺ) നേത്രരോഗം ബാധിക്കാനിടയുണ്ടെന്നാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ ഇത്തരം മരുന്നുകളുടെ ലേബലിൽ കൂടുതലായുള്ള സുരക്ഷാ മുന്നറിയിപ്പുകൾ നൽകണമെന്നാണ് നിർദേശം. ഇന്ത്യയിലെ മരുന്ന് നിർമാതാക്കൾക്കും ഇത് ബാധകമാണ്.

ഗ്ളൂക്കഗോൺ – ലൈക്ക് – പെപ്‌റ്റൈഡ് -1 റിസപ്‌ടർ അഗോണിസ്റ്റ്‌സ് (ജിഎൽപി-1 ആ‌ർഎ) നിർമാതാക്കളോടാണ് മരുന്നിന്റെ ലേബലിൽ സുരക്ഷാമുന്നറിയിപ്പ് അധികമായി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 'ഐ സ്‌ട്രോക്ക്' എന്നുവിളിക്കുന്ന നേത്ര പക്ഷാഘാതത്തിന് നയോൺ കാരണമാകാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പെട്ടെന്നുള്ള വേദനാരഹിതമായ കാഴ്‌ച്ചശക്തി നഷ്ടപ്പെടലിന് കാരണമാകുമെന്നാണ് ഇവർ പറയുന്നത്. ചില കേസുകളിൽ കാഴ്ച്ചശക്തി പൂർണമായി നഷ്ടപ്പെടുന്നതിനും ഇടയാക്കാമെന്ന് നേത്രരോഗ വിദഗ്ദ്ധർ പറയുന്നു.

കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് നയോൺ. ചില സന്ദർഭങ്ങളിൽ, രക്തക്കുഴലുകളിൽ തടസം നേരിടുന്നതും ഇത് കാരണമായേക്കാം. കാഴ്ചയ്ക്ക് ഒപ്റ്റിക് നാഡി അത്യന്താപേക്ഷിതമാണ്. ഇതിലേക്കുള്ള രക്തവിതരണം തടസപ്പെടുമ്പോൾ നാഡിക്ക് ക്ഷതം സംഭവിക്കുകയും അതുമൂലം പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്തേക്കാം.

ചിലപ്പോൾ രാവിലെ ഉറക്കമുണരുമ്പോഴായിരിക്കാം ഒരു കണ്ണിലെ കാഴ്‌ച മങ്ങിയിരിക്കുന്നതോ കുറഞ്ഞതോ ആയി മനസിലാക്കുന്നത്. കാഴ്ചാ മണ്ഡലത്തിലെ അന്ധബിന്ദുക്കൾ (ബ്ളൈൻഡ് സ്‌പോട്ട്‌സ്), കാഴ്ചാ മണ്ഡലത്തിൽ വിട്ടുപോയ ഭാഗങ്ങൾ, ടണൽ വിഷൻ (ചുറ്റുമുള്ള കാഴ്ച നഷ്ടപ്പെട്ട് ഒരു തുരങ്കത്തിലൂടെ നോക്കുന്നതുപോലെയുള്ള അവസ്ഥ), നിറങ്ങൾ തിരിച്ചറിയുന്നതിലുള്ള മാറ്റങ്ങൾ, കേന്ദ്ര കാഴ്ചയുടെ വ്യക്തതയിലുണ്ടാകുന്ന കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഒരു കണ്ണിന് ആദ്യം ബാധിച്ചതിനുശേഷമായിരിക്കും രണ്ടാമത്തെ കണ്ണിലും രോഗം ബാധിക്കുക. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് കാഴ്‌ചയിൽ വ്യത്യാസം അനുഭവപ്പെടുകയാണെങ്കിൽ എത്രയുംവേഗം ഡോക്‌ടറെ സമീപിക്കണമെന്നാണ് നിർദേശം.

2024ൽ പുറത്തിറങ്ങിയ ജാമ ഒഫ്‌താൽമോളജിയിലെ പഠനത്തിലാണ് ഇതുസംബന്ധിച്ച ആദ്യ നിരീക്ഷണം പുറത്തുവന്നത്. പലവിധ ഗവേഷണങ്ങൾക്കും ക്ളിനിക്കൽ ട്രയലുകൾക്കും ശേഷമാണ് എഫ്‌ഡിഎ മരുന്ന് നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇത് അപൂർവ രോഗമാണെങ്കിലും ജിഎൽപി-1 മരുന്ന് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി കാണപ്പെടുന്നത്. 2019നും 2014നുമിടയിൽ ജിഎൽപി-1 മരുന്ന് ഉപയോഗിച്ച പ്രമേഹരോഗികളും എഫ്‌ഡിഎ വിശകലനം നടത്തിയിരുന്നു.

മരുന്ന് കഴിക്കുന്നവർ പെട്ടെന്നിത് നിർത്തണമെന്ന് എഫ്‌ഡിഎ നിർദേശിക്കുന്നില്ല. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും അമിതഭാരം കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായതും വൃക്ക സംബന്ധമായതുമായ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകമായ മരുന്നുകളാണിവ. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർ ആരോഗ്യവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നാണ് എഫ്‌ഡിഎ നിർദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *