ജനങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും? യുപി പോലീസിനെ പിരിച്ചുവിട്ട് എല്ലാ അന്വേഷണങ്ങളും സിബിഐക്ക് നൽകേണ്ടി വരും; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാൻ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടിവരുമെന്ന് സുപ്രീംകോടതി. ഒരു ക്രിമിനൽ അന്വേഷണത്തിലെ ഉത്തർപ്രപ്രദേശ് പൊലീസിന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. യു.പി. പോലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കേണ്ടിവരുമെന്നും കോടതി വിമർശിച്ചു.

‘നിങ്ങളുടെ എല്ലാ കാര്യങ്ങളിലും എന്തൊക്കെയോ താല്പര്യങ്ങളുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ജനങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും? യു.പി പൊലീസിന്റെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കാൻ ആവശ്യപ്പെടുന്നതാണ് നല്ലത്. യു.പി. പൊലീസിനെ പിരിച്ചുവിടേണ്ടിവരും. ഈ അസംബന്ധങ്ങൾക്കെല്ലാം ഒരു അവസാനം ഉണ്ടാകേണ്ടതുണ്ട്.’- കോടതി പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർ പൊലീസിന് കൈമാറിയ പ്രതിയെ ഒഴിവാക്കി, 'അജ്ഞാതനായ' മോട്ടോർസൈക്കിൾ യാത്രികനെതിരെമാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതുൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ. പരാതിക്കാരി നൽകിയ ഹർജിയെത്തുടർന്നാണ് ഈ വിഷയം കോടതിയുടെ പരിഗണനയിലെത്തിയത് .

അതേസമയം ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാര്‍ച്ച് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 17,043 പൊലീസ് എന്‍കൗണ്ടറുകള്‍ നടന്നതായി യു.പി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങളും ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങളും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ വ്യാപകമായ നടപടികളില്‍ 289 ‘കുറ്റവാളികള്‍’ കൊല്ലപ്പെടുകയും 11,834 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *