തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കി. തിരുവമ്പാടി ദേവസ്വത്തിലെ പത്ത് പേരെ പ്രതിചേർക്കാൻ അനുമതി തേടിയുള്ള റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പ് തിരിച്ചയച്ചത്. 2024 ലെ പൂരം കലക്കൽ കേസിൽ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ദുർബലമായ പരാമർശങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളടക്കം പത്ത് പേർക്കെതിരെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിന് ഐപിസി 295(എ) പ്രകാരം കേസെടുക്കണമെന്നായിരുന്നു പ്രധാന ശുപാർശ. എന്നാൽ പൂരത്തിന്റെ സംഘാടകർക്കെതിരെ ഈ വകുപ്പ് ചുമത്താനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചകളുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നോ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.
എഡിജിപി എം.ആർ. അജിത് കുമാർ സ്ഥലത്തുണ്ടായിരുന്നിട്ടും ഫോൺ കോളുകൾ സ്വീകരിച്ചില്ലെന്ന കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ വീഴ്ചകളും ഉത്തരവാദിത്തവും കൃത്യമായി വിശദീകരിക്കാത്തത് ഉൾപ്പെടെയുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. കൂടുതൽ വിശദീകരണങ്ങളും തെളിവുകളിൽ വ്യക്തതയും ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദമായ പൂരം കലക്കൽ കേസിൽ അന്ന് എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് 2024-ൽ ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പോലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ 16 വീഴ്ചകളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്.