ന്യൂഡിൽസ് കഴിച്ച ഏഴുവയസുകാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

ജയ്‌പൂർ: വീട്ടിൽ തയ്യാറാക്കിയ ന്യൂഡിൽസ് കഴിച്ച് ഏഴുവയസുകാരി മരിച്ചു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. പിഹു കുമാവത് എന്ന കുട്ടിയാണ് മരിച്ചത്. ന്യൂഡിൽസ് കഴിച്ച പിഹുവിന്റെ ‌സഹോദരി ദിവ്യാൻഷി ശാരീരിക അസ്വസ്ഥകളുമായി ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം.

നവംബർ 19നായിരുന്നു സംഭവം നടന്നത്. വീട്ടിൽ സഹോദരിമാർ മാത്രമാണുണ്ടായിരുന്നത്. ന്യൂഡിൽസ് സ്വന്തമായി തയ്യാറാക്കി കഴിച്ചതിനുശേഷം ഇരുവരും കിടന്നുറങ്ങി. പിന്നീട് ഇവരുടെ അമ്മ വൈകിട്ടോടെ വീട്ടിലെത്തിയപ്പോൾ പിഹുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ദിവ്യാൻഷിയും അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പിഹു മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ദിവ്യാൻഷിയെ ഇന്നലെ ഡിസ്‌ചാർജ് ചെയ്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ന്യൂഡിൽസിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കുട്ടികളുടെ സഹോദരനും അസുഖബാധിതനായി രണ്ടുമാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *