ഫ്രിഡ്ജുകളിലെ താപനില ഉയർത്തി ഹാക്കർമാർ; സൂപ്പർമാർക്കറ്റുകളിൽ നശിച്ചത് വൻതോതിലുള്ള ഭക്ഷ്യവസ്തുക്കൾ

പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളെയും ഫ്രീസറുകളെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെ ഫ്രിഡ്ജുകളും ഫ്രീസറുകളും ചൂടാകുകയും വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

ഡാനിഷ് എൻജിനീയറിംഗ് കമ്പനിയായ ഡാൻഫോസിന്റെ സോഫ്റ്റ്‌വെയറാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിലൂടെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളുടെ താപനില ദൂരെ ഇരുന്നും നിയന്ത്രിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞു. ചില ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലെയും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. കോപ്പറേറ്റീവ് യു എന്ന സൂപ്പർമാർക്കറ്റ് ശൃംഖലയുടെ നൂറിലധികം സ്റ്റോറുകൾ ആക്രമണത്തിന് ഇരയായതായാണ് വിവരം. ഇന്റർമാർഷെ, നെറ്റോ എന്നീ ശൃംഖലകളിലായി മുന്നൂറോളം സ്റ്റോറുകളിലും നാശനഷ്ടങ്ങൾ ഉണ്ടായി.

ആക്രമണത്തെ തുടർന്ന് കേടായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയിൽനിന്ന് പിൻവലിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി താപനിലയിലെ വ്യതിയാനം ബാധിച്ച ഉൽപ്പന്നങ്ങൾ നശിപ്പിച്ചുകളയുകയും ചെയ്തു. സൂപ്പർമാർക്കറ്റുകളിലെ ഭക്ഷ്യവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട ആക്രമണം അതീവ ഗൗരവമുള്ളതാണെന്ന് കോപ്പറേറ്റീവ് യു മേധാവി ഡൊമിനിക് ഷെൽഷെർ പ്രതികരിച്ചു. . ശീതീകരണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ജീവനക്കാരും വിദഗ്ധരും ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *